മദ്യത്തിന് ചെലവായ പണത്തെച്ചൊല്ലി തര്‍ക്കം;സുഹൃത്തിനെ മര്‍ദിച്ച് തോട്ടിലിട്ടു, മരണം ഉറപ്പാക്കി മടങ്ങി
1 min read
പെരുവന്താനം: മദ്യത്തിന് ചെലവായ പണത്തിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി പിടിയില്‍. പാലൂര്‍ക്കാവ് സ്വദേശി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസില്‍ കറുകച്ചാല്‍ മാന്തുരുത്തി വെട്ടിക്കാവുങ്കല്‍ സഞ്ജു (35)വിനെയാണ് പെരുവന്താനം പോലീസ് പിടികൂടിയായത്.
ഇതേക്കുറിച്ച് പോലീസ് പറയുന്നത് : തിരുവോണത്തിന്റെ തലേന്നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുഞ്ഞുമോനും സഞ്ജുവും മറ്റൊരാളും ചേര്‍ന്ന് പ്രദേശത്ത് നിര്‍മാണം നടക്കുന്ന വീടിന്റെ പരിസരത്തിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് ഇവിടെക്കിടന്ന ഇരുമ്പുകമ്പികള്‍ ശേഖരിച്ച് ആക്രിക്കടയില്‍ വിറ്റു. കൂടെയുണ്ടായിരുന്ന ആള് പോയപ്പോള്‍ പാലൂര്‍ക്കാവിലെ തോട്ടുപുറമ്പോക്കില്വെച്ച് മദ്യം വാങ്ങിയതിന്റെ പണത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമായി.
തര്‍ക്കത്തിനിടെ കുഞ്ഞുമോനെ സഞ്ജു മര്‍ദിച്ചു. ശക്തമായ ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക് വലിച്ചിഴച്ചിട്ടു. മരണം ഉറപ്പിച്ചശേഷം സഞ്ജു അവിടെനിന്നുപോയി. തുടര്‍ന്ന് സംസ്ഥാനം വിട്ടുപോയെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി. കുഞ്ഞുമോന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയതോടെ പെരുവന്താനം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇടുക്കി എസ്.പി. കെ.യു. കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
നാട്ടില്‍നിന്ന് കടന്നശേഷം പ്രതി ഇതരസംസ്ഥാനങ്ങളിലുള്ളവരുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇത് പോലീസിനെ ഏറെവലച്ചു. എങ്കിലും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
സഞ്ജുവിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. എസ്.ഐ. ജെഫി ജോര്‍ജ്, എ.എസ്.ഐ.മാരായ അജ്മല്‍, സിയാദ്, സുബൈര്‍, സി.പി.ഒ.മാരായ സുനീഷ്, സിയാദ്, അജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.