അച്ഛന്റെയും മക്കളുടെയും നായകനായി മമ്മൂട്ടി

1 min read

മഹായാനത്തിൽ അച്ഛനൊപ്പം, കണ്ണൂർ സ്‌ക്വാഡിൽ മക്കൾക്കൊപ്പം, അപൂർവ്വനേട്ടവുമായി മമ്മൂട്ടി

മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അഭിനേതാക്കൾ മാത്രമല്ല, അണിയറ പ്രവർത്തകരും കയ്യടി നേടുന്നു. നവാഗതനായ റോബി വർഗീസ് രാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഗ്രേറ്റ് ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകൻ കൂടിയാണ് റോബി. അദ്ദേഹത്തിന്റെ സഹോദരൻ റോണി ഡേവിഡ് രാജ് ആണ് കണ്ണൂർ സ്‌ക്വാഡിന്റെ തിരക്കഥ തയ്യാറാക്കിയത്. റോണി തിരക്കഥയെഴുതിയ ആദ്യചിത്രം കൂടിയാണിത്. കൂടാതെ കണ്ണൂർ സ്‌ക്വാഡിൽ അംഗമായ ജയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും റോണിയാണ്. 2006ൽ പച്ചക്കുതിര എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ റോണി ഒരുപിടി കഥാപാത്രങ്ങൾക്ക് ജന്മം കൊടുത്തു.  ചേട്ടന്റെ തിരക്കഥയിൽ അനുജൻ സംവിധാനം ചെയ്യുന്ന സിനിമ എന്ന അപൂർവ്വനേട്ടം കൈവരിച്ചിരിക്കുകയാണ് കണ്ണൂർ സ്‌ക്വാഡ്.

ഇതുമാത്രമല്ല കണ്ണൂർ സ്‌ക്വാഡിന്റെ പ്രത്യേകത. അച്ഛന്റെയും മക്കളുടെയും സിനിമകൾക്ക് നായകനായി മമ്മൂട്ടി എന്ന അപൂർവതയും കണ്ണൂർ സ്‌ക്വാഡിനു സ്വന്തം. 1989ൽ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് മഹായാനം. ഈ ചിത്രത്തിന്റെ നിർമ്മാതാവ് സി.ടി.രാജനായിരുന്നു. ആ രാജന്റെ മക്കളാണ് കണ്ണൂർ സ്‌ക്വാഡിന്റെ അണിയറയിൽ പ്രവർത്തിച്ച റോബിയും റോണിയും. ഇങ്ങനെ അച്ഛന്റെ മാത്രമല്ല, മക്കളുടെയും സിനിമകളുടെ നായകനാവാനുള്ള ഭാഗ്യം മമ്മൂട്ടിയെ തേടിയെത്തി. അച്ഛൻ നിർമ്മാതാവായിരുന്നുവെങ്കിൽ, മക്കളിൽ ഒരാൾ തിരക്കഥാകൃത്തും മറ്റേയാൾ സംവിധായകനും.

സി.ടി.രാജൻ നിർമ്മിച്ച ചിത്രത്തിലെ നായകനായിരുന്നു മമ്മൂട്ടിയെങ്കിൽ, മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രത്തിലെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു സി.ടി.രാജന്റെ മക്കൾ എന്ന മറ്റൊരപൂർവതയും കണ്ണൂർ സ്‌ക്വാഡിന് അവകാശപ്പെടാം.

സംവിധായകനായ റോബിയുടെ ഭാര്യ ഡോ.അഞ്ജു മേരിയാണ് ഈ അപൂർവത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. മക്കൾക്കൊപ്പമുള്ള സി.ടി.രാജന്റെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള ഡോ.അഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു. ”ഈ ചിത്രം പോസ്റ്റ് ചെയ്യാനായതിൽ ഒരുപാട് സന്തോഷം. ഒരുപാട് സ്‌നേഹവും സമ്മിശ്ര വികാരങ്ങളും. 1989ൽ മമ്മൂട്ടി നായകനായ മഹായാനം എന്ന ചിത്രം നിർമ്മിച്ചത് പപ്പയാണ്. സിനിമ നിരൂപക പ്രശംസ നേടിയെങ്കിലും, അത് അദ്ദേഹത്തിന് സാമ്പത്തിക നഷ്ടം വരുത്തി. ഒടുവിൽ നിർമ്മാണം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ അദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടം പിൻതലമുറ നന്നായി മുന്നോട്ടു കൊണ്ടുപോയി. 34 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ മൂത്ത മകൻ റോണി തിരക്കഥയെഴുതി, ഇളയവൻ റോബി സംവിധാനം ചെയ്തത് അതേ മെഗാസ്റ്റാർ മമ്മൂട്ടിയെ വെച്ച്. ജീവിതവൃത്തം പൂർത്തിയാവുന്നു”.

അച്ഛന്റെ സിനിമ പരാജയപ്പെട്ടെങ്കിലും, മക്കളുടെ സിനിമ സൂപ്പർ ഹിറ്റാവും എന്ന കാര്യത്തിൽ സംശയമില്ല. അത്തരത്തിലുള്ള പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.