കേന്ദ്രസര്‍ക്കാര്‍ വിളിച്ച സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കില്ല
1 min read
കൊല്‍ക്കത്ത: ഹരിയാനയിലെ സൂരജ്കുണ്ഡില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന യോഗത്തില്‍ ബംഗാളിനെ പ്രതിനിധീകരിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല.
സംസ്ഥാന സര്‍ക്കാര്‍ ആഭ്യന്തര സെക്രട്ടറി ബി പി ഗോപാലികയെയോ, സംസ്ഥാന ഡിജിപി മനോജ് മാളവ്യയെയോ യോഗത്തില്‍ പങ്കെടുക്കില്ലെന്നും. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഹോം ഗാര്‍ഡ് നീരജ് കുമാര്‍ സിങ്ങിനെ വ്യാഴാഴ്ച മുതല്‍ നടക്കുന്ന ‘ചിന്തന്‍ ശിവിര്‍’ ദ്വിദിന യോഗത്തില്‍ പങ്കെടുക്കാന്‍ നിയോഗിക്കുമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.
ദില്ലിയിലെ പശ്ചിമ ബംഗാള്‍ റസിഡന്റ് കമ്മീഷണര്‍ രാം ദാസ് മീണയും യോഗത്തില്‍ പങ്കെടുക്കും.
‘ഇത് ഉത്സവ സമയമാണ്, നിരവധി ചടങ്ങുകള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. വ്യാഴാഴ്ച ഭായ് ദൂജ് നടക്കും, ഉടന്‍ തന്നെ ‘ഛത് പൂജ’ നടക്കും. മുഖ്യമന്ത്രിക്ക് സംസ്ഥാനം വിടാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ അതേ കാരണത്താല്‍ സെക്രട്ടറിയും ഡിജിപിയും ചിന്തന്‍ ശിവിറില്‍ പങ്കെടുക്കില്ല. മുതിര്‍ന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം ബാനര്‍ജിക്ക് ക്ഷണം അയച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആഭ്യന്തര മന്ത്രിമാരുമായി ഷാ കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു ദിവസമായി ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറിമാര്‍, ഡിജിപിമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.
വിഷന്‍ 2047നും, പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞകള്‍ക്കുമുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കുകയാണ് പ്രധാന അജണ്ട. സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, പോലീസ് സേനയുടെ നവീകരണം എന്നിവയും യോഗത്തില്‍ ചര്‍ച്ചയാകും. കേരളത്തിലെ ഭരണത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ ഉന്നയിക്കാന്‍ ഇടയുണ്ട്.
ഒക്ടോബര്‍ 28 ന് സമാപന ദിവസമായ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ എല്ലാ സംസ്ഥാനങ്ങളിലെയും ആഭ്യന്തര മന്ത്രിമാരെയും അഭിസംബോധന ചെയ്യും.