ആടുകളുടെ നടുവിലായിരുന്നു പൃഥ്വിരാജ്

1 min read

കഴിഞ്ഞ ഓണത്തിന് കണ്ടത് ആടുകളുടെ നടുവിൽ കിടക്കുന്ന രാജുവിന്റെ ഫോട്ടോ

മല്ലികാ സുകുമാരന്റെയും മക്കളുടെയും ഇത്തവണത്തെ ഓണാഘോഷം സോഷ്യൽ മീഡിയയിൽ വൈറലാണ്. പൃഥ്വിരാജിന്റെ എറണാകുളത്തെ ഫഌറ്റിലാണ് ഇത്തവണ മല്ലിക ഓണം ആഘോഷിച്ചത്. ഇന്ദ്രജിത്തും കുടുംബവും കൂടെയുണ്ടായിരുന്നു. രണ്ടു മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായി ഓണം കളറാക്കിയിരിക്കുകയാണ് മല്ലിക സുകുമാരൻ. കുടുംബത്തിന്റെ കേരളത്തനിമയുള്ള വേഷം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

കാലിന് പരിക്കേറ്റതിനെത്തുടർന്ന് കുറച്ചുനാളായി വിശ്രമത്തിലാണ് പൃഥ്വിരാജ്. അതുകൊണ്ടാണ് ഓണം എറണാകുളത്താക്കാൻ തീരുമാനിച്ചത്. മക്കളുടെ ഷൂട്ടിംഗ് തിരക്കു കാരണം എല്ലാവരും ഒരുമിച്ചുള്ള ഓണം പലപ്പോഴും സാധ്യമാകാറില്ല എന്ന് പറയുന്നു മല്ലിക സുകുമാരൻ. ബിഹൈൻഡ് വുഡ്‌സിനു നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ആടുജീവിതത്തിന്റെ സെറ്റിലായിരുന്നു പൃഥ്വിരാജ്. ഓണത്തിന്റെ അന്ന് ആടുകളുടെ നടുക്ക് കിടക്കുന്ന രാജുവിന്റെ ഒരു ഫോട്ടോയാണ് ഞാൻ കണ്ടത്. മക്കൾ നാട്ടിലുണ്ടെങ്കിൽ ഒരുമിച്ചായിരിക്കും ഓണാഘോഷം. വിദേശയാത്രയിലാണെങ്കിൽ ഒരു ഫോൺകോളിൽ ഒതുങ്ങും.

പണ്ടത്തെ ഓണാഘോഷങ്ങളെക്കുറിച്ചും വെളിപ്പെടുത്തുന്നു മല്ലിക. മുൻപ് ഓണസദ്യയൊക്കെ വീട്ടിൽ തന്നെ ഉണ്ടാക്കുകയാണ് പതിവ്. ഇപ്പോഴത്തെ ആളുകൾ മെനക്കെട്ട് സദ്യയുണ്ടാക്കാൻ ശ്രമിക്കുന്നില്ല. ഓർഡർ ചെയ്ത് കഴിക്കുകയാണ്. എവിടെ ഷൂട്ടിംഗിന് പോയാലും ഓണത്തിന് മക്കളുടെ അടുത്തെത്തുമായിരുന്നു സുകുവേട്ടൻ. ഓണസദ്യയും ഞങ്ങളുടെ കൂടെയേ കഴിക്കൂ. സുകുവേട്ടന് ഏറ്റവും ഇഷ്ടം ഓലനായിരുന്നു. മക്കൾക്കും അത് വലിയ ഇഷ്ടമാണ്. മല്ലിക പറഞ്ഞു.

സുകുമാരനൊപ്പമുള്ള ഏറ്റവും നല്ല ഓണം ഓർമ്മയേതാണ്? മറുപടിക്കായി ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല മല്ലികയ്ക്ക്. ഇന്ദ്രൻ ജനിച്ചപ്പോഴുള്ള ഓണമാണത്. അവന് ആറുമാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ആദ്യമായി ഒരു കുഞ്ഞ് കുടുംബത്തിലേക്കു വന്ന സന്തോഷമായിരുന്നു എല്ലാവർക്കും. മക്കളുടെ കാര്യം വരുമ്പോൾ സുകുവേട്ടന് എന്നും ഉത്സാഹമാണ്.

തന്റെ ഏറ്റവും വലിയ ധനം മക്കളാണെന്ന് പറയുന്നു മല്ലിക. നിർബന്ധിച്ച് വിശ്രമമെടുക്കേണ്ടി വരുമ്പോൾ ഇങ്ങനെ ചില ഗുണങ്ങളുണ്ടെന്ന് തോന്നുന്നു എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഓണച്ചിത്രങ്ങൾ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Related posts:

Leave a Reply

Your email address will not be published.