വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍
തെരുവിലേക്കും
മഹാരാജാസ് കോളേജ് പൂട്ടി
1 min read

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. കെ.എസ്.യു. പ്രവര്‍ത്തകര്‍ കോളേജിനുള്ളിലും തെരുവിലും ഏറ്റമുട്ടി. ഇരു വിഭാഗത്തിലുമായി 15 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ മുപ്പതോളം പേര്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
സംഭവത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചതായി കോളേജ് അധികൃതര്‍ അറിയിച്ചു. ഉടന്‍തന്നെ പോലീസ് സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേരുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കോളേജില്‍ പ്രിന്‍സിപ്പലിനെ കെ.എസ്.യു. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരുന്നു.
സംഘര്‍ഷത്തില്‍ എട്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കും ഏഴ് കെ.എസ്.യു.ക്കാര്‍ക്കുമാണ് പരിക്കേറ്റത്. എസ്.എഫ്.ഐ. മഹാരാജാസ് യൂണിറ്റ് സെക്രട്ടറി അമല്‍ജിത്തിന്റെ കൈ ഒടിഞ്ഞു. വൈസ് പ്രസിഡന്റ് റൂബിക്ക് തലയ്ക്ക് പരിക്കുണ്ട്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് എസ്.എഫ്.ഐ. പ്രവര്‍ത്തകരായ സ്വാലിഹ്, അമീന്‍ അന്‍സാരി, വിഷ്ണു, റയീസ്, ജെറി, ജാഫര്‍ എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കെ.എസ്.യു. യൂണിറ്റ് ജനറല്‍ സെക്രട്ടറി റോബിന്‍സണ്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ മുക്താര്‍, റെയ്‌സ്, ഫാസില്‍, പ്രവര്‍ത്തകരായ നിയാസ്, മുഹ്‌സിന്‍, ഹെന്ന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രാത്രിയോടെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
കോളേജില്‍ മൂന്നു മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. കാമ്പസിനുള്ളില്‍ നേരത്തേയുണ്ടായ സംഘര്‍ഷത്തെ ചൊല്ലി ഒരു സംഘം വിദ്യാര്‍ഥികളും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ഇതില്‍ പരിക്കേറ്റ സുഹൃത്തുമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോയ ശേഷം വൈകീട്ട് ആറരയോടെ മരുന്നു വാങ്ങാന്‍ പുറത്തിറങ്ങിയ മുക്താറിനെ ജനറല്‍ ആശുപത്രിക്കു മുന്നില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇതറിഞ്ഞ് എത്തിയ കെ.എസ്.യു. പ്രവര്‍ത്തകര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ തിരിച്ച് ആക്രമിക്കുകയും ഏറ്റുമുട്ടല്‍ ശക്തമാവുകയും ചെയ്തു.
ഇതിനിടയില്‍ കോളേജിലെ പെണ്‍കുട്ടികളും പെട്ടു. എസ്.എഫ്.ഐ.യിലെ റൂബി, കെ.എസ്.യു.വിലെ ഹെന്ന എന്നിവരാണ് പരിക്കേറ്റ പെണ്‍കുട്ടികള്‍
ജനറല്‍ ആശുപത്രി റോഡിലെ സംഘര്‍ഷം ആശുപത്രി പരിസരത്തെ ഏറെനേരം മുള്‍മുനയില്‍ നിര്‍ത്തി. സംഭവ സ്ഥലത്തെത്തിയ പോലീസ് വിദ്യാര്‍ഥികളെ അറസ്റ്റുചെയ്ത് നീക്കി. ആശുപത്രിയിലെയും പരിസരത്തെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
നവംബര്‍ 28ന് നടക്കാനിരിക്കുന്ന യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് എസ്എഫ്‌ഐയും കെഎസ്‌യുവും തമ്മില്‍ ഉടലെടുത്ത ഈ സംഘര്‍ഷം. ബുധനാഴ്ച വൈകീട്ട് രണ്ട് വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സെന്‍ട്രല്‍ പോലീസ് പറഞ്ഞു. ആരോ അവര്‍ക്ക് നേരെ ചീത്തവിളിച്ചതായി ആരോപിക്കപ്പെടുന്നു. ‘സംഘര്‍ഷത്തിലേക്ക് നയിച്ചതിന്റെ കൃത്യമായ കാരണം ശേഖരിക്കുകയാണ് എന്ന് പോലീസ് പറഞ്ഞു.
ക്യാമ്പസിലെ അന്തരീക്ഷം സമാധാനപരമായിരുന്നുവെന്നും ബുധനാഴ്ച ഇന്റേണല്‍ പരീക്ഷകള്‍ നടന്നതായും കോളേജ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വൈകിട്ട് 3.30 ഓടെ എസ് എഫ് ഐയും കെ എസ് യുവും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി, വൈകിട്ട് ആറോടെ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷമുണ്ടായത് ആദ്യ സംഭവത്തിന്റെ തുടര്‍ച്ചയാണെന്നാണ് വിവരം. ക്യാമ്പസിനകത്തും പുറത്തും നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
എന്നാല്‍ ഇനി സംഘര്‍ഷം ഒഴിയാതെ കോളേജ് തുറക്കില്ല എന്നാണ് പ്രിന്‍സിപ്പല്‍ അറിയിച്ചിരിക്കുന്നത്. സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാകാതെ കോളേജ് തുറക്കില്ലെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയ് പറഞ്ഞു. എത്രയും വേഗം എല്ലാ രാഷ്ട്രീയ കക്ഷികളുടെയും യോഗം വിളിക്കും. യോഗത്തില്‍ വരുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സമാധാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.