സ്വകാര്യബസില്‍നിന്നു ഡീസല്‍ മോഷണത്തിനു ശ്രമം; മിനിലോറി ഡ്രൈവര്‍ അറസ്റ്റില്‍
1 min read
ആലപ്പുഴ: സ്വകാര്യബസില്‍നിന്നു ഡീസല്‍ മോഷണത്തിനു ശ്രമിച്ച മിനിലോറി ഡ്രൈവറെ അറസ്റ്റുചെയ്തു. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ പായിപ്ര പഞ്ചായത്ത് പുത്തന്‍കുടിയില്‍ സാജുമോനെ(53)യാണ് പുന്നപ്ര ഇന്‍സ്‌പെക്ടര്‍ ലൈസാദ് മുഹമ്മദും സംഘവും അറസ്റ്റുചെയ്തത്. ബുധനാഴ്ച പുലര്‍ച്ചേ മൂന്നരയ്ക്കായിരുന്നു സംഭവം.ദേശീയപാതയോരത്തു നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്നാണ് ഡീസല്‍ മോഷണത്തിനു ശ്രമിച്ചത്.
വണ്ടാനത്ത് ആലപ്പുഴ ഗവ. ടി.ഡി.മെഡിക്കല്‍ കോളേജിനടുത്ത് ധര്‍മശാസ്താക്ഷേത്രത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബസില്‍നിന്ന് കുഴലുപയോഗിച്ച് ഡീസല്‍മോഷണം നടത്തി മിനിലോറിയിലേക്ക് നിറയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. അതുവഴിവന്ന നാട്ടുകാരനായ ഒരാള്‍ സംശയംതോന്നി പോലീസിനെ അറിയിച്ചു. ഉടന്‍തന്നെ പോലീസ് സംഘമെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.മോഷണശ്രമത്തിനാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തതായി പോലീസ് അറിയിച്ചു. എസ്.ഐ. നവാസ്, എ.എസ്.ഐ. പ്രസാദ്, സി.പി.ഒ. ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.