രാജ്ഭവന് മുന്നില്‍ ലക്ഷം പേരെ അണിനിരത്തി ഗവര്‍ണര്‍ക്കെതിരെ സമരം

1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഇടത് സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലെ തര്‍ക്കം ഒരു പടി കൂടെ കടന്ന് മൂര്‍ച്ഛിക്കുന്ന നിലയിലേക്ക്. നവംബര്‍ 15 ന് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുക.

പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രാജ്ഭവന് മുന്നിലെ പ്രതിഷേധ പരിപാടിക്ക് ഒപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ രീതി വിലയിരുത്താന്‍ ഇടതുമുന്നണി നേതാക്കളുടെ യോഗം പ്രതിഷേധത്തിന് മുന്‍പ് വീണ്ടും ചേരാനും തീരുമാനമായിട്ടുണ്ട്.

എന്നാല്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇന്ന് മുതലാണ് തുടക്കം. സംസ്ഥാന വ്യാപകമായി ഇന്നും നാളെയും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. പാളയത്ത് ഇന്ന് വൈകീട്ട് അഞ്ചിന് പ്രതിഷേധ കൂട്ടായ്മ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണിത്.

നവംബര്‍ രണ്ട് മുതല്‍ കണ്‍വെന്‍ഷനും 15 ന് രാജ്ഭവന് മുന്നില്‍ ജനകീയ പ്രതിഷേധവുമെന്ന നിലയില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേരത്തെ തന്നെ രൂപം നല്‍കിയിരുന്നു. ഇടത് യുവജന സംഘടനകളും അധ്യാപക സംഘടനകളും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പ്രതിഷേധ രംഗത്തേക്ക് വന്നിരുന്നു. ഗവര്‍ണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഗവര്ണര്‍ ശ്രമിക്കുന്നുവെന്ന വാദത്തിന് ന്യൂനപക്ഷ വിഭാഗത്തിന്റെയാകെ പിന്തുണ കിട്ടുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.

Related posts:

Leave a Reply

Your email address will not be published.