എല്‍ദോസ് വിളിച്ചു, ഒളിവില്‍ പോയതില്‍ ഖേദം അറിയിച്ചു; നടപടിയില്‍ ചര്‍ച്ച നാളെയെന്ന് കെ. സുധാകരന്
1 min read
ഡല്‍ഹി: ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ വിളിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഒളിവില്‍ പോയതില്‍ എല്‍ദോസ് ഖേദം അറിയിച്ചതായും സുധാകരന് വ്യക്തമാക്കി. പാര്‍ട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാന്‍ എന്ന് എല്‍ദോസിന് മറുപടി നല്‍കിയതായും സുധാകരന് പറഞ്ഞു. എല്‍ദോസിനെതിരെ നടപടി എടുക്കുന്നതില്‍ നേതാക്കളുമായി നാളെ ചര്‍ച്ച നടത്തും. മുന്‍കൂര്‍ ജാമ്യം നല്കാന് കോടതി കണക്കിലെടുത്ത കാരണങ്ങള്‍ പരിശോധിക്കും. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന എല്‍ദോസിന്റെ ആരോപണവും പരിശോധിക്കുമെന്ന് കെ.സുധാകരന് പറഞ്ഞു.
നേരത്തെ പാര്‍ട്ടി നടപടിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞിരുന്നു. ജാമ്യം ലഭിച്ചതും എല്‍ദോസിന്റെ വിശദീകരണവും പരിഗണിച്ചായിരിക്കും നടപടിയെന്നും വി.ഡി.സതീശന് വ്യക്തമാക്കി. അതേസമയം എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ കെപിസിസി നടപടി വൈകിയെന്നായിരുന്നു കെ.മുരളീധരന് എംപിയുടെ പ്രതികരണം. മുന്‍കൂര്‍ ജാമ്യം കിട്ടിയതിന് പിന്നാലെ എംഎല്‍എ ഓഫീസില്‍ ലഡു വിതരണം നടത്തിയതിനെ മുരളീധരന് പരിഹസിച്ചു. ലഡു വിതരണം അന്തിമ വിധി കഴിഞ്ഞിട്ടാകുന്നതാണ് നല്ലതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. എന്നാല്‍ എംഎല്‍എ ഓഫീസിലെ ലഡു വിതരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മുന്‍കൂര്‍ ജാമ്യം കിട്ടിയതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ, ഇന്ന് മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എല്‍ദോസിന്, തിരുവനന്തപുരം അഡീ. സെഷന്‍സ് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ എല്‍ദോസിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.