എന്നെ കളിയാക്കിയവർ ഇപ്പോൾ ഡേറ്റിനുവേണ്ടി നടക്കുന്നു – ദുൽഖർ സൽമാൻ

1 min read

ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്ത ആഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തും

കരിയറിന്റെ തുടക്കത്തിൽ തന്നെ കളിയാക്കിയവരും മോശമായി പെരുമാറിയവരും ഇപ്പോൾ തന്റെ ഡേറ്റിനുവേണ്ടി കാത്തിരിക്കുകയാണെന്ന് ദുൽഖർ സൽമാൻ. കിങ് ഓഫ് കൊത്തയുടെ പ്രൊമോഷൻ വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. ആളുകൾ സിനിമ കാണണമെങ്കിൽ മികച്ച തിയറ്റർ അനുഭവം നൽകണം. അവർ ചെലവഴിക്കുന്ന പണത്തിന് മൂല്യമുണ്ടാകണം. പ്രേക്ഷകർക്ക് വലിയ സ്‌കെയിൽ ചിത്രങ്ങളോടാണ് താൽപര്യം. ഒരു നിർമ്മാണകമ്പനി എന്ന നിലയിൽ ഞങ്ങൾ നിർമ്മിച്ച ഏറ്റവും ചെലവേറിയ സിനിമയാണ് കിങ് ഓഫ് കൊത്ത. അഭിലാഷ് ജോഷിയിലും ജേക്‌സ് ബിജോയിലും എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്. ദുൽഖർ പറഞ്ഞു. കൊത്തയിലെ കഥയെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ എല്ലാ കഥാപാത്രങ്ങൾക്കും നിർണായകമായ പങ്കുണ്ടെന്നും വ്യക്തമാക്കി ദുൽഖർ.

ഗ്യാങ്സ്റ്റർ ഡ്രാമയാണെങ്കിലും പ്രമേയത്തിലൂന്നിക്കൊണ്ടുള്ള അവതരണമാണ് ചിത്രത്തിന്റേതെന്ന് നായികയായ ഐശ്വര്യലക്ഷ്മി. താര എന്ന കഥാപാത്രത്തെയാണ് ഐശ്വര്യലക്ഷ്്മി അവതരിപ്പിക്കുന്നത്. മികച്ച രീതിയിലാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. എല്ലാ കഥാപാത്രങ്ങളും ഈ സിനിമയെ സംബന്ധിച്ച് പ്രധാനമാണ്.

സിനിമയിലെ കണ്ണൻ എന്ന തന്റെ കഥാപാത്രം ഗംഭീരമാണെന്ന് ഷബീർ കല്ലറയ്ക്കൽ പറയുന്നു. കഥ വളരെയേറെ ഇഷ്ടമായി. ദുൽഖർ സൽമാൻ നായകനാവുകയും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസ് നിർമ്മിക്കുകയും ചെയ്യുന്ന ചിത്രം എന്നതിനപ്പുറം ഞാനെന്താണ് പറയേണ്ടത്.

ഷാബുൽ ഹസ്സൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ്താരം പ്രസന്ന എത്തുന്നു. നൈലാ ഉഷയുടെ മഞ്ജുവും ചെമ്പൻവിനോദിന്റെ രഞ്ജിത്തും ഗോകുൽ സുരേഷിന്റെ ടോമിയും പേരെടുത്തു പറയേണ്ടവർ തന്നെ. നായകന്റെ അച്ഛനായ കൊത്തരവിയായി ഷമ്മിതിലകൻ പകർന്നാട്ടം നടത്തിയിട്ടുണ്ട്. മാലതിയായി ശാന്തികൃഷ്ണയെത്തുന്നു. വടചെന്നൈശരൺ, അനിഖ സുരേന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധേയമാണ്.

നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്തയുടെ നിർമ്മാണം സീ സ്റ്റുഡിയോസും വേഫെറർ ഫിലിംസും ചേർന്നാണ്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കിങ് ഓഫ് കൊത്ത. ഇതിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയത് രാജശേഖറാണ്. നിമീഷ് രവിയുടെ ഛായാഗ്രഹണം സിനിമയെ മിഴിവുറ്റതാക്കുന്നു. അഭിലാഷ് എൻ ചന്ദ്രന്റേതാണ് തിരക്കഥ. ജേക്‌സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചേർന്ന് സംഗീതമൊരുക്കുന്നു. ആഗസ്റ്റ് 24ന് റിലീസ് ചെയ്യുന്ന കിങ് ഓഫ് കൊത്തയുടെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റു തീരുന്നത്.

കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രിറിലീസ് ഇവന്റിൽ നിന്നുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.

Leave a Reply

Your email address will not be published.