ഇടതുമുന്നണിക്കെതിരെ കെ.ബി.ഗണേഷ്കുമാർ എം.എൽ.എ.
1 min read
തിരുവനനതപുരം : ഇടതുമുന്നണിക്കെതിരെ പരസ്യവിമർശനവുമായി കെ.ബി.ഗണേഷ്കുമാർ എം.എൽ.എ. മുന്നണിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും വികസനരേഖയിൽ ചർച്ചയുണ്ടായില്ലെന്നും ഗണേഷ് ആരോപിച്ചു. കസേര കിട്ടുമെന്നോ സമ്മാനങ്ങൾ കിട്ടുമെന്നോ പറഞ്ഞ് ജനങ്ങൾക്കുവേണ്ടി മിണ്ടാതിരിക്കാനാവില്ല. എനിക്ക് സ്ഥാനമാനങ്ങളൊന്നുംവേണ്ട. മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്നു കരുതി കൂടെയുള്ളവരെ വഞ്ചിക്കാനാവില്ല.
‘കേരളാകോൺഗ്രസ് ബി ഗണേഷ്കുമാർ നേതൃത്വം കൊടുക്കുന്ന പാർട്ടിയെന്നല്ല, രാഷ്ട്രീയ പാർട്ടിയായി വളരുക എന്നതാണ് ലക്ഷ്യം. എനിക്ക് ശേഷം പ്രളയമല്ല. വിദ്യാസമ്പന്നരായ ചെറുപ്പക്കാരെയും കഴിവുളള നേതാക്കൻമാരെയും വളർത്തിക്കൊണ്ടു വരാൻ കഴിഞ്ഞു എന്നതാണ് ഞാൻ പാർട്ടിയുടെ ചെയർമാനായശേഷം ഒരു വർഷത്തെ നേട്ടമായി കരുതുന്നത്’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കാത്തതിൽ ഗണേഷിന് അതൃപ്തിയുണ്ട്. റോഡുകളുടെ അറ്റകുറ്റപണികൾ തീരാത്തതിനാൽ മണ്ഡലത്തിൽ പോകാൻ സാധിക്കാത്ത സാഹചര്യമാണ്. പത്തനാപുരത്തെ ജനങ്ങൾ വോട്ടു ചെയ്യുന്നതു കൊണ്ടാണ് താൻ നിയമസഭയിലേക്കു വന്നതെന്നും ഇരുമുന്നണികളിലും മാറിമാറി മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.