കോപ്പിയടി വിവാദത്തില്‍ കുടുങ്ങി കാന്താര യിലെ പാട്ട്; നിയമനടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്
1 min read
കോപ്പിയടി വിവാദത്തില്‍ കുടുങ്ങി കന്നഡ ചിത്രം കാന്താരയിലെ വരാഹ രൂപം പാട്ട്. തങ്ങളുടെ നവരസ പാട്ട് അതേ പടി പകര്‍ത്തിയതാണെന്ന് ആരോപണവുമായി പ്രമുഖ ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തി. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ബാന്‍ഡ് ആരോപണമുന്നയിച്ചത്. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്നു ചൂണ്ടിക്കാണിച്ച ബാന്‍ഡ് ഉത്തരവാദികള്‍ക്കെതിരെ നിയമ വഴിക്കു നീങ്ങുമെന്നും പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം:
തൈക്കുടം ബ്രിഡ്ജിന് കാന്താരയുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് പ്രേക്ഷകര്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. നവരസവും വരാഹ രൂപവും തമ്മില്‍ ഒഴിവാക്കാനാകാത്ത ചില സമാനതകള്‍ കണ്ടെത്തി. ഇത് പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇതിന്റെ ഉത്തരവാദികള്‍ക്കെതിരെ നിയമ വഴിയെ നീങ്ങും. പാട്ടില്‍ ഞങ്ങള്‍ക്കുള്ള അവകാശങ്ങള്‍ കാന്താരയുടെ പിന്നണി പ്രവര്‍ത്തകര്‍ എവിടെയും പ്രതിപാദിച്ചിട്ടില്ല. യാതൊരു അംഗീകാരവും കിട്ടിയിട്ടുമില്ല. മാത്രവുമല്ല, സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ ഇത് തങ്ങളുടെ സ്വന്തം സൃഷ്ടിയായി എല്ലായിടത്തും പ്രചരിപ്പിക്കുന്നു. ശ്രോതാക്കളുടെ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്. ഇക്കാര്യം പ്രചരിപ്പിക്കണമെന്നു നിങ്ങളോട് അഭ്യര്‍ഥിക്കുന്നു.
അതേ സമയം കോപ്പിയടി വിവാദത്തില്‍ പ്രതികരിച്ച് കാന്താരയുടെ സംഗീതസംവിധായകന്‍ ബി.അജനീഷ് ലോക്‌നാഥ് രംഗത്തെത്തി. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ പാട്ടില്‍ സമാനതകള്‍ തോന്നുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സായ് വിഘ്‌നേഷ് ആണ് ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം ഒരു കോടിയിലധികം പ്രേക്ഷകരെയാണ് പാട്ട് സ്വന്തമാക്കിയത്.
റിഷഭ് ഷെട്ടി നായകനായെത്തിയ ചിത്രമാണ് കാന്താര. സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്!പരാജ് ബൊല്ലാറ തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലെത്തുന്നു. റിഷഭ് ഷെട്ടി തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണിത്. കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് കാന്താര നിര്‍മിച്ചിരിക്കുന്നു.