കല്ലുവാതുക്കല്‍ മദ്യദുരന്തം; മണിച്ചന് മോചനം; ഉടന്‍ വിട്ടയക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം, പിഴ ഒഴിവാക്കി
1 min readതിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസില്‍ മണിച്ചന് മോചനം. ഉടന്‍ വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. മണിച്ചനെ ഉടനടി മോചിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പിഴ ഒഴിവാക്കി നല്‍കുകയും ചെയ്തു. 30.45 ലക്ഷം രൂപയാണ് മണിച്ചന്‍ പിഴയായി അടക്കേണ്ട തുക. ഈ പിഴ അടക്കാതെ മണിച്ചന്റെ മോചനം സാധ്യമാകില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിലുണ്ടായിരുന്നത്. ഇതിനെ ചോദ്യം ചെയ്താണ് മണിച്ചന്റെ ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിക്കുന്നത്. മാലിനി പൊതുവാള്‍ ആണ് മണിച്ചന്റെ ഭാര്യയുടെ അഭിഭാഷക.
ഈ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി ചോദിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു മനുഷ്യന് പിഴ നല്‍കാന്‍ പണമില്ലാത്തതിന്റെ പേരില്‍ അയാളെ എങ്ങനെ ദീര്‍ഘകാലം ജയിലില്‍ ഇടാനാകും എന്നാണ് സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചത്. മണിച്ചന്റെ സഹോദരങ്ങളെ ഈ കേസില്‍ സുപ്രീം കോടതി വിട്ടയച്ചിരുന്നു. എട്ട് ല?ക്ഷം രൂപ പിഴ ഒഴിവാക്കിയാണ് വിട്ടയച്ചത്. കഴിഞ്ഞ 22 വര്‍ഷമായി കല്ലുവാതുക്കല്‍ കേസുമായി ബന്ധപ്പെട്ട് മണിച്ചന്‍ ജയിലിലാണ്.
31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചന്‍. 2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം ഉണ്ടായത്. 31 പേര്‍ മരിച്ചു. ആറ് പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 150 പേര്‍ ചികിത്സ തേടി. വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് മണിച്ചന്‍ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാന്‍ വിഷസ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തകാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ല്‍ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കി. മണിച്ചന്റെ സഹോദരന്മാര്‍ക്ക് ശിക്ഷയിളവ് നല്‍കി നേരത്തെ മോചിപ്പിച്ചിരുന്നു.