ട്രെന്‍ഡ് സെറ്റര്‍ ആവാന്‍ മോഡേണ്‍ ‘കള്ളുപാട്ട്’; ‘ഹയ’യിലെ വീഡിയോ ഗാനം എത്തി
1 min read
കാമ്പസ് മ്യൂസിക്കല്‍ ത്രില്ലര്‍ ചിത്രം ഹയയിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. മോഡേണ്‍ കള്ളുപാട്ട് എന്ന രീതിയില്‍ എത്തിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ ആണ്. സതീഷ് ഇടമണ്ണേലിന്റെ വരികള്‍ വളരെ വ്യത്യസ്തമായി പാടിയിരിക്കുന്നത് രശ്മി സതീഷ്, ബിനു സരിഗ എന്നിവര്‍ക്കൊപ്പം വരുണ്‍ സുനിലും ചേര്‍ന്നാണ്. മനു മഞ്ജിത് എഴുതി വരുണ്‍ സുനിലും സംഘവും ആലപിച്ച ആദ്യഗാനം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു.
സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം വാസുദേവ് സനലാണ് സംവിധാനം ചെയ്യുന്നത്. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെയെത്തുന്ന ചിത്രമാണ് കാമ്പസ്, മ്യൂസിക്, ത്രില്ലര്‍ കോംബോ വിഭാഗത്തില്‍ ഒരുക്കിയ ഹയ എന്ന് അണിയറക്കാര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവരടക്കം 24 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
വ്യത്യസ്ത റോളില്‍ കുടുംബനാഥനായി ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായെത്തുന്നു. കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യ വിഷയം വളരെ ആഴത്തില്‍ പരിശോധിക്കുന്നുണ്ട് ഹയയില്‍. ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, സണ്ണി സരിഗ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും മറ്റ് വേഷങ്ങളിലെത്തുന്നു.
സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ. പി എന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍, സതീഷ് എന്നിവര്‍ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നു. കെ എസ് ചിത്ര, ജുവന്‍ ഫെര്‍ണാണ്ടസ്, രശ്മി സതീഷ്, വരുണ്‍ സുനില്‍, ബിനു സരിഗ, അസ്ലം എന്നിവരാണ് മറ്റ് ഗായകര്‍. ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിഗും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുഗന്‍, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ സണ്ണി തഴുത്തല, ഫിനാന്‍സ് കണ്‍ട്രോളര്‍ മുരളീധരന്‍ കരിമ്പന, അസോസിയേറ്റ് ഡയറക്ടര്‍ സുഗതന്‍, ആര്‍ട്ട് സാബുറാം, മേക്കപ്പ് ലിബിന്‍ മോഹന്‍, സ്റ്റില്‍സ് അജി മസ്‌ക്കറ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പി ആര്‍ ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.