ഗവര്‍ണര്‍ക്കെതിരായ സിപിഎം സമരം അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍, പിണറായിസതീശന് ധാരണയെന്നും കെ സുരേന്ദ്രന്
1 min read
തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ സിപിഎം സമരം നടത്തുന്നത് സര്‍ക്കാരിന്റെ അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഗവര്‍ണറുടെ നടപടികള്‍ക്ക് തുരങ്കം വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഗവര്‍ണറുടെ ഇടപെടലുകള്‍ എല്ലാം ഭരണഘടന അനുസൃതമായ രീതിയിലാണെന്നും സുരേന്ദ്രന് പറഞ്ഞു. ഭീമമായ ഫീസ് കൊടുത്ത് കോടതി വ്യവഹാരം നടത്തുകയാണ് സര്‍ക്കാര്‍. കേരളം കടക്കെണിയില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആണ് അഴിമതി മൂടി വക്കാന്‍ ലക്ഷങ്ങള്‍ ചിലവിട്ട് കോടതിയില്‍ പോകുന്നത്. ഇതിനെതിരെ വിപുലമായ പ്രചാരണ പരിപാടിയാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ മാസം 15 മുതല്‍ 30 വരെ ബഹുജന സമ്പര്‍ക്ക പരിപാടികള്‍ നടത്തും. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള വിപുലമായ പരിപാടികളാണ് നടത്തുക. 18,19 തീയതികളില്‍ ജില്ലകള്‍ തോറും പ്രതിഷേധ പരിപാടികള്‍ നടത്തും. സര്‍ക്കാരിന്റെ അഴിമതി തുറന്നു കാണിക്കുമെന്നും കെ സുരേന്ദ്രന്.
തിരുവനന്തപുരം കോര്‍പ്പേഷനിലെ അഴിമതിയില്‍ പ്രതികരിച്ച സുരേന്ദ്രന് പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരംശം മാത്രമാണെന്നും പറഞ്ഞു.
മേയര്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് എന്ത് അടിസ്ഥാനത്തിലാണ്? മ്യൂസിയം പൊലീസില്‍ പരാതി നല്കിയാല് കത്തില്‍ ക്രമക്കേട് നടത്തിയവരെ ഉടനെ കണ്ടെത്താം. എന്നാല്‍ ഇത് ഒഴിവാക്കി കാലതാമസം വരുത്താന്‍ ആണ് ശ്രമിക്കുന്നത്.
അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ ധാരണയുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു. പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ സജീവമായ അന്തര്‍ധാരയുണ്ട്. ഇരുവരും ഗവര്‍ണറെ വെറുതെ എതിര്‍ക്കുകയാണ്. അതേസമയം മാധ്യമ വിലക്കില്‍ ബിജെപി അഭിപ്രായം പറയാനില്ലെന്നും സുരേന്ദ്രന് പറഞ്ഞു. മുഖ്യ മന്ത്രി കടക്ക് പുറത്തെന്ന് പറഞ്ഞപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല. ഇപ്പൊള്‍ ഗവര്‍ണ്ണര്‍ക്ക് എതിരെ മാത്രം പ്രതിഷേധിക്കുന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു. ഇതിനിടെ സാമ്പത്തിക സംവരണത്തില്‍ മോഡി മാത്രമാണ് ഒരു നിലപാട് എടുത്തതെന്നും ഇതിനുള്ള അംഗീകാരം ആണ് കോടതി വിധിയെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന് പറഞ്ഞു.