ഭരണകൂടത്തെ അനുകൂലിച്ച് പാടിയില്ല, ഇറാനില്‍ സുരക്ഷാ സേനയുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു
1 min readടെഹ്‌റാന്‍ : ഇറാനില്‍ സുരക്ഷാ സേനയുടെ മര്‍ദ്ദനമേറ്റ് മറ്റൊരു മരണം കൂടി. സ്‌കൂളില്‍ നടത്തിയ റെയ്ഡിനിടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അസ്ര പനാഹി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സ്‌കൂളില്‍ എത്തിയ സുരക്ഷാ സേന വിദ്യാര്‍ത്ഥികള്‍ ഭരണകൂട അനുകൂല ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെടുകയും ഇതിന് വിസമ്മതിച്ചതോടെ കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചു. ഒക്‌ടോബര്‍ 13ന് അര്‍ദാബിലെ ഷഹീദ് ഗേള്‍സ് ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പരിക്കേറ്റ നിരവധി വിദ്യാര്‍ത്ഥികളില്‍ ഒരാളായ അസ്ര പനാഹി മരിച്ചുവെന്ന് അധ്യാപക സമിതിയുടെ പ്രസ്താവനയെ ഉദ്ദരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്വം സുരക്ഷാ സേനയ്ക്കാണ് എന്ന ആരോപണം ഇറാന്‍ ഭരണകൂടം നിഷേധിച്ചു. മാത്രമല്ല പെണ്‍കുട്ടിയുടെ ബന്ധുവെന്ന് അവകാശപ്പെടുന്നയാള്‍, അസ്ര ജന്മനാ ഹൃദയസംബന്ധമായ അസുഖം നേരിടുന്നുണ്ടെന്നും അത് മൂലമാണ് മരിച്ചതെന്നും സ്റ്റേറ്റ് ടെലിവിഷനിലൂടെ പ്രസ്താവിച്ചതായി ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അസ്രയുടെ മരണത്തിന് പിന്നാലെ, സ്‌കൂളുകളില്‍ സുരക്ഷാ സേന നടത്തുന്ന പരിശോധനകളെ അപലപിച്ച് അധ്യാപക സംഘടന പ്രസ്താവന ഇറക്കുകയും ഇറാന്റെ വിദ്യാഭ്യാസ മന്ത്രി യൂസഫ് നൂറിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും 10 പേര്‍ അറസ്റ്റിലായതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിജാബ് ശരിയായ രീതിയില്‍ ധരിക്കാത്തതിന് സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്‌സ അമിനി മരിച്ചതിനെ തുടര്‍ന്ന് ഇറാനില്‍ വലിയ പ്രതിഷേധം നടക്കുകയാണ്. ഇറാന്‍ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ചും ഹിജാബ് കത്തിച്ചും മുടി മുറിച്ചുമാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. അതിനിടെയാണ് മറ്റൊരു കൊലപാതകം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്.