ദേഷ്യപ്പെട്ട നിർമ്മാതാവിനെ ചിരിപ്പിച്ച ഇന്ദ്രൻസ്

1 min read

ഇന്ദ്രൻസിന് പണ്ടേയുള്ള നർമ്മബോധം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ

ഇന്ദ്രൻസിന്റെ നർമ്മബോധത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു സംവിധായകൻ പ്രിയദർശൻ. കല്ലിയൂർ ശശി നിർമ്മിച്ച സിനിമയിൽ ചെറിയ വേഷം ചെയ്യാനെത്തിയതാണ് ഇന്ദ്രൻസ്. തന്റെ പ്രതിഫലം 15,000 രൂപയാണെന്ന് പറഞ്ഞ ഇന്ദ്രൻസിനോട് 5,000ൽ കൂടുതൽ തരില്ലെന്നും പറ്റില്ലെങ്കിൽ ഇറങ്ങിപ്പോയ്‌ക്കോ എന്ന് ദേഷ്യപ്പെടുകയും ചെയ്തു നിർമ്മാതാവ്. ദേഷ്യപ്പെട്ട് നിൽക്കുകയായിരുന്ന നിർമ്മാതാവിനെപ്പോലും ചിരിപ്പിച്ചു ഇന്ദ്രൻസിന്റെ മറുപടി എന്നാണ് പ്രിയദർശൻ പറയുന്നത്.  

ഇന്ദ്രൻസ് ഒരു തയ്യൽക്കാരനായിട്ടാണ് സിനിമയിൽ വന്നത്. കുറച്ച് കഴിഞ്ഞപ്പോൾ പതുക്കെ സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. കുറച്ചുകൂടി നല്ല വരുമാനം. ആളുകൾ അറിയുന്നു. അങ്ങനെയിരിക്കെ കല്ലിയൂർ ശശിയുടെ ഒരു സിനിമയിൽ അഭിനയിക്കാൻ ഇന്ദ്രൻസ് വന്നു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ ശശി ചോദിച്ചു. ”നീ പൈസയുടെ കാര്യമൊന്നും പറഞ്ഞില്ലല്ലോ”.  
”എനിക്ക് ഇപ്പോൾ കിട്ടുന്നത് 15,000 രൂപയാണ്. അത് തന്നാൽ മതി” എന്ന് പറയുന്നു ഇന്ദ്രൻസ്.
”അത് ശരിയാകില്ല. 5000 രൂപയേ തരാൻ പറ്റൂ’ എന്ന് ശശി.
15 ആണ് ഇപ്പോൾ എല്ലാവരും തരുന്നതെന്ന് ഇന്ദ്രൻസും.
അപ്പോൾ ശശി പറഞ്ഞു ”എനിക്ക് 5 രൂപയേ തരാൻ പറ്റൂ. സൗകര്യമുണ്ടെങ്കിൽ ചെയ്താൽ മതി. ഇല്ലെങ്കിൽ പൊയ്‌ക്കോ. രണ്ടു ദിവസം ചെയ്തതിനുള്ള പണം വാങ്ങിക്കോ. ഞാൻ വേറെ ആരെയെങ്കിലും കൊണ്ട് വീണ്ടും ചെയ്യിക്കാം. ”  

കുറച്ചു നേരം സൈലന്റായി നിന്ന ഇന്ദ്രൻസ് ചോദിച്ചു ”ചേട്ടൻ അഞ്ചു രൂപ തരാം എന്നു പറഞ്ഞു. ഞാൻ ഇപ്പോൾ രണ്ടു ദിവസം അഭിനയിച്ചു. അത് റീഷൂട്ട് ചെയ്യുമെന്നും പറഞ്ഞു. അപ്പോ വീണ്ടും ഷൂട്ട് ചെയ്യാൻ ചേട്ടന് എത്ര രൂപ ചെലവാകും?” ഒരു പത്തു നാൽപതു രൂപ ആകുമെന്ന് ശശി പറഞ്ഞു.

”ഞാൻ ചോദിച്ച 15 എനിക്ക് തന്നാൽ ചേട്ടന് 25 രൂപ ലാഭമല്ലേ” എന്ന് ഇന്ദ്രൻസിന്റെ മറുപടി. ദേഷ്യപ്പെട്ടം ഇരിക്കുകയായിരുന്ന ശശിപോലും അതുകേട്ട് ചിരിച്ചുപോയി.

അത്ര വേന്ദ്രനാണ് ഇന്ദ്രൻസ് എന്ന് വെളിപ്പെടുത്തുന്നു പ്രിയദർശൻ. അദ്ദേഹം സിനിമയിൽ എത്തിയതിനു പിന്നിൽ വലിയ കഷ്ടപ്പാടുണ്ട്. ആ കഷ്ടപ്പാടുകളെല്ലാം താണ്ടി ഒരു ദേശീയ അവാർഡ് വാങ്ങുന്നതിലെത്തി നിൽക്കുന്ന ഇന്ദ്രൻസിനെ ആദരിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സനേ്ാഷമുണ്ടെന്നും പ്രിയദർശൻ പറയുന്നു.

നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഫിലിം ഫ്രറ്റേണിറ്റി സംഘടിപ്പിച്ച പരിപാടിയായിരുന്നു വേദി. ദേശീയ അവാർഡ് ജേതാവായ ഇന്ദ്രസിനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സദസ്സിനെ മുഴുവൻ ചിരിപ്പിച്ച പ്രിയദർശന്റെ ഈ വെളിപ്പെടുത്തൽ.

Related posts:

Leave a Reply

Your email address will not be published.