1000 കോടി ക്ലബിലെത്തിയ ഇന്ത്യൻ സിനിമകൾ

1 min read

1000 കോടി കൊയ്ത 6 ചിത്രങ്ങൾ, 2 ചിത്രങ്ങളുടെ സംവിധായകൻ രാജമൗലി, നായകൻ ഷാരൂഖ് ഖാൻ

കോടികൾക്കൊന്നും യാതൊരു വിലയുമില്ലാത്ത സിനിമാലോകം… പണത്തിന്റെ കുത്തൊഴുക്കാണ് സിനിമാ മേഖലയിൽ കുറേക്കാലമായി.  1000 കോടി എന്ന മാജിക് നമ്പർ കടന്ന് ഇന്ത്യൻ സിനിമ കുതിപ്പു തുടങ്ങിയിട്ട് 7 വർഷമേ ആയിട്ടുള്ളൂ. ഇതുവരെ 1000 കോടി ക്ലബിൽ കയറിയ 6 ചിത്രങ്ങളാണ് ഇന്ത്യൻ സിനിമയിലുള്ളത്. അവ എാതൊക്കെയെന്ന് നോക്കാം.

ദംഗൽ
ഇന്ത്യൻ സിനിമയുടെ നാഴികക്കല്ലാണ് അമീർഖാൻ നായകനായ ദംഗൽ എന്ന ചിത്രം. 1000 കോടി കലക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ദംഗൽ.  പ്രശസ്ത ഗുസ്തി താരങ്ങളായ ഗീത ഫഗോട്ടിന്റെയും ബബിത ഫഗോട്ടിന്റെയും അവരുടെ പിതാവായ മഹാവീർ സിങ് ഫഗോട്ടിന്റെയും കഥ പറഞ്ഞ ചിത്രം…. ഒരു ബയോഗ്രഫിക്കൽ സ്‌പോർട്‌സ് ഡ്രാമ…. അച്ഛനും മക്കളും തമ്മിലുള്ള നിരവധി വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്. 2000 കോടിയും കടന്നാണ് ദംഗലിന്റെ ജൈത്രയാത്ര അവസാനിച്ചത്. ചൈനയിലെ റിലീസും ഉയർന്ന കളക്ഷൻ നേടാൻ ചിത്രത്തെ സഹായിച്ചു. ഇന്നും ഇന്ത്യൻ സിനിമയിൽ എാറ്റവും കൂടുതൽ പണം വാരിയ ചിത്രം എന്ന റെക്കോർഡ് ദംഗലിന് മാത്രം അവകാശപ്പെട്ടത്. 2016ൽ റിലീസ് ചെയ്ത ചിത്രത്തിന്റെ സംവിധായകൻ നിതേഷ് തിവാരിയാണ്. അമീർഖാനെ കൂടാതെ സാക്ഷി തൻവാർ, ഫാത്തിമ സന ഷെയ്ഖ്, സാന്യ മൽഹോത്ര, അപർശക്തി ഖുറാന എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ബാഹുബലി 2
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രവുമായി 2017ൽ എസ്.എസ്.രാജമൗലി എത്തുന്നതുവരെ സൗത്ത് ഇന്ത്യൻ സിനിമകൾക്ക് 1000 കോടിയൊക്കെ വെറും കേട്ടുകേൾവി മാത്രമായിരുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലും തരംഗമായി മാറി ബാഹുബലി. 1000 കോടി ക്ലബിലേക്ക് ഓടിക്കയറിയ ആദ്യ തെന്നിന്ത്യൻ സിനിമയാണ് ബാഹുബലി 2. പ്രഭാസാണ് ചിത്രത്തിലെ നായകൻ. അനുഷ്‌ക ഷെട്ടി, തമന്ന, റാണ ദഗുപതി, രമ്യകൃഷ്ണൻ, സത്യരാജ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. പിതാവ് വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് രാജമൗലി തന്നെയാണ്. മഹിഷ്മതി എന്ന രാജ്യവും അവിടുത്തെ അധികാര തർക്കവുമായിരുന്നു ബാഹുബലിയുടെ ഇതിവൃത്തം.

ആർആർആർ
ബാഹുബലിയുടെ വൻവിജയത്തോടെ നിർത്തിയില്ല രാജമൗലി. ആർആർആർ എന്ന ചിത്രവുമായി വീണ്ടുമെത്തി അദ്ദേഹം. 2022ൽ ഇന്ത്യൻ ബോക്‌സ് ഓഫീസിലെ എാറ്റവും വലിയ വിജയമായിരുന്നു രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം എന്ന ആർആർആർ. സൗത്ത് ഇന്ത്യയിൽ നിന്നെത്തി വീണ്ടും 1000 കോടി ക്ലബിൽ മുത്തമിട്ടു ആർആർആർ. ഓസ്‌കാർ അവാർഡ് നേട്ടത്തോടെ അന്താരാഷ്ട്ര ശ്രദ്ധ നേടി ചിത്രം. ആന്ധ്രയിലെ സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ആർആർആർ…. രാംചരൺ തേജയും ജൂനിയർ എൻ.ടി.ആറുമായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ. രാജമൗലിയുടെ പിതാവായ വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് എന്നീ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഡിവിവി ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഇതോടെ 2 തവണ 1000 കോടി കൊയ്ത സംവിധായകനായി രാജമൗലി.

കെജിഎഫ് 2
2022ലായിരുന്നു പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ കെജിഎഫ് 2വിന്റെ റിലീസ്. ഹോംബാലെ ഫിലിംസാണ് നിർമ്മാതാക്കൾ. യഷ് നായകനായ ചിത്രത്തിൽ കൊടുംവില്ലൻ അധരയായി എത്തിയത് ബോളിവുഡ് താരം സഞ്ജയ്ദത്താണ്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് ചിത്രം പറഞ്ഞത്. കന്നഡയ്ക്കു പുറമേ തെലുങ്ക്, തമിഴ്, മലയാളം ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തിയ ചിത്രം 1000 കോടി നേടിയിട്ടേ തേരോട്ടം അവസാനിപ്പിച്ചുള്ളൂ.

പഠാൻ
കോവിഡ് മഹാമാരി രാജ്യത്തെ സിനിമ വ്യവസായത്തെ പാടേ തകർത്തു കളഞ്ഞ സമയത്താണ് പഠാന്റെ വരവ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 2023ലാണ് റിലീസ് ചെയ്യുന്നത്. തകർച്ചയിലേക്ക് കൂപ്പുകുത്തിയ ബോളിവുഡിനെ കൈപിടിച്ചുയർത്താൻ 1000 കോടി മുങ്ങിയെടുത്തു പഠാൻ. ഷാരൂഖ് ഖാനും ദീപിക പദുക്കോണുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. 2019ൽ ഇന്ത്യ 370-ാം വകുപ്പ് നീക്കം ചെയ്തതോടെ ഇന്ത്യയോട് പ്രതികാരത്തിന് തുനിയുന്ന പാക് സൈനിക മേധാവി…. അതിനെതിരെയുള്ള പോരാട്ടമാണ് പഠാൻ പറയുന്നത്. ദേശസ്‌നേഹിയായ, സൈനികനായ പഠാനായി ഷാരൂഖ് സ്‌ക്രീനിൽ നിറഞ്ഞു..

ജവാൻ
18 ദിവസം കൊണ്ട് 1004 കോടി കൊയ്‌തെടുത്ത് ബോക്‌സ് ഓഫീസ് പിടിച്ചെടുത്തു ഷാരൂഖ് ഖാൻ ചിത്രം ജവാൻ. ഒരു വർഷം തന്നെ 2 തവണ 1000 കോടി ക്ലബിലെത്തുന്ന നായക നടനായി മാറി ഷാരൂഖ് ഖാൻ. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്നാണ് ജവാൻ നിർമ്മിച്ചത്. നയൻതാര, വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ദീപിക പദുക്കോണും സഞ്ജയ്ദത്തും കാമിയോ റോളിലുമെത്തുന്നു. അനിരുദ്ധിന്റെതാണ് സംഗീതം.  1000 കോടി നേടിയ 2 സിനിമകളുടെ നായകൻ എന്ന റെക്കോർഡും ഷാരൂഖ് ഖാന് സ്വന്തം.

ReplyForward

Related posts:

Leave a Reply

Your email address will not be published.