‘ഷാഫി മുന്‍പും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചു; ലൈംഗികവൃത്തിക്ക് വാഹനവും ഇടവും വാഗ്ദാനം’
1 min read
കൊച്ചി :നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ഷാഫി നേരത്തെയും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചിരുന്നെന്നാണു വിവരം. ഇലന്തൂരില്‍ എത്തിച്ച രണ്ടു സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തു. എറണാകുളം സ്വദേശിനികളായ ഇവര്‍ക്കൊപ്പം പോയ പുരുഷന്റെ മൊഴിയും രേഖപ്പെടുത്തി. കോളജ് വിദ്യാര്‍ഥിനികളെ ഇലന്തൂരില്‍ എത്തിച്ചതായി വന്ന വാര്‍ത്ത വസ്തുതാരഹിതമാണെന്നു പൊലീസ് പറഞ്ഞു.
ലൈംഗികവൃത്തിക്കു വേണ്ടിയാണ് ഇലന്തൂരില്‍ പോയതെന്നാണ് ഇവര്‍ പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ഷാഫി ഉപയോഗിച്ചിരുന്ന എസ്‌യുവി വാഹനത്തില്‍ ഇയാള്‍ക്കൊപ്പം തന്നെയായിരുന്നു യാത്ര. ലൈംഗികവൃത്തിക്കായി വാഹനവും ഇടവും ഒരുക്കി നല്‍കാമെന്ന് പറഞ്ഞതിനാലായിരുന്നു അയാള്‍ക്കൊപ്പം പോയതെത്ര. ഷാഫിയുമായി ഇവര്‍ക്കു ലഹരി ഇടപാടുണ്ടായിരുന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണ്ടി വരും. എന്തെങ്കിലും ലഹരി ഇടപാടുണ്ടായിരുന്നതായി വെളിപ്പെടുത്താന്‍ മൊഴി നല്‍കിയവര്‍ തയാറായിട്ടില്ല. അതേസമയം, തെളിവെടുപ്പിനായി ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവരുമായി പൊലീസ് ഇലന്തൂരിലേക്കു പോയി. ഷാഫിയുമായി കടവന്ത്രയില്‍ നിന്നുള്ള സംഘം ചങ്ങനാശേരിയിലേക്കാണ് പോയത്. പത്മയുടെ പാദസരം എറിഞ്ഞു കളഞ്ഞത് ചങ്ങനാശേരി രാമന്‍കരി സ്റ്റേഷന്‍ പരിധിയിലാണ് എന്നാണ് വെളിപ്പെടുത്തല്‍. ഇതു കണ്ടെത്തലാണു ലക്ഷ്യം. രണ്ടു സംഘങ്ങളിലും പൊലീസ് മുങ്ങല്‍ വിദഗ്ധരെയും കൂടെക്കൂട്ടിയിട്ടുണ്ട്.
കേസിലെ മുഖ്യതെളിവായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ഷാഫി ഉപയോഗിച്ച, ഭാര്യയുടെ ഫോണ്‍ മുഖ്യ തെളിവായതിനാല്‍ കണ്ടെത്തുക നിര്‍ണായകമാണ്. പത്മ ഉപയോഗിച്ചിരുന്ന ഫോണ്‍ ഷാഫി നശിപ്പിച്ചു എന്നാണ് അവകാശപ്പെടുന്നത്. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഷാഫിയുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രചരിക്കുന്നത്. അതില്‍ എത്രത്തോളം വസ്തുതകളുണ്ടെന്നും പരിശോധിക്കും.