പെണ്‍ വാണിഭക്കാരനെന്ന് വിളിച്ചു: മീനങ്ങാടി എസ്.ഐക്കെതിരെ നടപടി വേണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

1 min read

കല്‍പ്പറ്റ: പെണ്‍വാണിഭം നടത്തിയെന്നാരോപിച്ച് മുട്ടില്‍ ആനപ്പാറവയല്‍ സ്വദേശിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ച മീനങ്ങാടി എസ്.ഐക്ക് എതിരെ മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ജില്ല പൊലീസ് മേധാവിക്കാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്. ഇതുവരെ ഇയാള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ നാലാഴ്ചയ്ക്കകം കമ്മിഷനെ അറിയിക്കണമെന്നും പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

ആനപ്പാറവയല്‍ സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. 2019 ജനുവരി 27 നാണ് മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതിക്കിടയായ സംഭവം നടന്നത്. മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ട് (ഐ.ടി.പി.) പ്രകാരമുള്ള കേസിലാണ് പരാതിക്കാരനെ വിളിച്ച് വരുത്തി എസ്.ഐ. അപമര്യാദയായി പെരുമാറിയത്.

മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണ വിഭാഗം എസ്. പി. എസ്. ദേവമനോഹര്‍ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി. ഐ. ടി. പി. നിയമപ്രകാരം ഒരാളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുമ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ജാഗ്രതയും സൂക്ഷ്മതയും ഉണ്ടാകേണ്ടതാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കിട്ടിയ വിവരം വിശ്വാസയോഗ്യമാണോ എന്ന് പൊലീസ് പരിശോധിക്കണമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരനെതിരെ ഐടിപി കേസുമായി ബന്ധപ്പെട്ട് പൊലീസിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിരുന്നു.

എസ്.ഐ.യുടെ പെരുമാറ്റം പരാതിക്കാരന് മാനസികമായി പ്രയാസമുണ്ടാക്കിയെന്നും മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ് ഐ ഇക്കാര്യത്തില്‍ കൂടുതല്‍ പക്വതയും ജാഗ്രതയും കാണിക്കേണ്ടതായിരുന്നു. പരാതിക്കാരന് അഭിമാനക്ഷതമുണ്ടായെന്നും കമ്മീഷന്‍ കണ്ടെത്തി. പരാതിക്കാരന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. എതിര്‍ കക്ഷിയായ എസ് ഐ തക്കതായ ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.