വെള്ളം, വെളിച്ചം, വഴിയുമില്ല; വീടിന് അനുവദിച്ച സ്ഥലത്തെ കുറിച്ച് പാരതി, ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍
1 min read
കോഴിക്കോട് : 168 ഗുണഭോക്താക്കള്‍ക്ക് വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് വെള്ളവും വൈദ്യുതിയും വഴിയുമില്ലാത്ത സ്ഥലം അനുവദിച്ച നടപടി പ്രാദേശിക സര്‍ക്കാരുകളും സര്‍ക്കാര്‍ വകുപ്പുകളും വ്യക്തമായ ആസൂത്രണമില്ലാതെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് ജില്ലയില്‍ കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ അനുവദിച്ച സ്ഥലത്തെ കുറിച്ച് ലഭിച്ച പരാതിയിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നിരീക്ഷണം.
കോഴിക്കോട് ജില്ലാകളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുരുവട്ടൂര്‍ പഞ്ചായത്തില്‍ അനുവദിച്ച് നല്‍കിയ ഭൂമിയിലേക്ക് വാഹന ഗതാഗതം ലഭ്യമല്ലെന്ന് പറയുന്നു. പുറ്റമണ്ണില്‍ താഴം റോഡില്‍ നിന്നും നടപാത മാത്രമാണുള്ളത്. നിലവില്‍ ഈ നടപ്പാത പോലും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. 168 വ്യക്തികള്‍ക്ക് ഭൂമി പതിച്ച് നല്‍കിയെങ്കിലും താമസക്കാരാരും എത്തിയിട്ടില്ല. അതിനാല്‍ പഞ്ചായത്ത്, സ്‌പെഷ്യല്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മിക്കാന്‍ തയ്യാറല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ 3 സെന്റ് ഭൂമി അനുവദിച്ച ചെന്നിക്കോട് പറമ്പില്‍ ഉഷയ്ക്ക് വേണ്ടിയാണ് പൊതു പ്രവര്‍ത്തകനായ എ. സി. ഫ്രാന്‍സിസ് കമ്മീഷനെ സമീപിച്ചത്. ഉഷ അടക്കമുള്ള 168 പേര്‍ക്കും വീട് നിര്‍മ്മിക്കാന്‍ സൗകര്യപ്രദമായ സ്ഥലം അനുവദിക്കുകയോ അല്ലെങ്കില്‍ നിലവില്‍ സ്ഥലം സഞ്ചാര യോഗ്യമാക്കുകയോ ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. എളുപ്പവും പ്രാവര്‍ത്തികവുമായത് ഏതാണെന്ന് പരിശോധിച്ച് എത്രയും വേഗം ജില്ലാ കളക്ടര്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.