ഹണിട്രാപ്പ്: വയോധികനെ കുടുക്കി സീരിയല്‍ നടിയും സുഹൃത്തും
1 min readവയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം തട്ടി;
പ്രതികള്‍ അറസ്റ്റില്‍
പരവൂരില്‍ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയ കേസില്‍ സീരിയല്‍ നടിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി സീരിയല്‍ നടിയും അഭിഭാഷകയുമായ നിത്യ ശശിയും പരവൂര്‍ കലയ്‌ക്കോട് സ്വദേശി ബിനുവുമാണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരം പട്ടം സ്വദേശിയായ മുന്‍ സൈനികനും കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനുമായ എഴുപത്തിയഞ്ചുകാരനാണ് തട്ടിപ്പിന് ഇരയായത്.
മേയ് 24നാണ് കേസിനാസ്പദമായ സംഭവം. വാടകയ്ക്കു വീടു കൊടുക്കാനുണ്ടെന്ന് അറിഞ്ഞ് പരാതിക്കാരനെ നിത്യ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഇയാളുമായി സൗഹൃദം സ്ഥാപിച്ച നിത്യ വീടു കാണുന്നതിനായി സ്ഥലത്തെത്തി. വീടിനുള്ളില്‍ വച്ച് ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കുകയും നിത്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. നിത്യയ്‌ക്കൊപ്പമെത്തിയ സുഹൃത്ത് ബിനുവാണു ചിത്രങ്ങള്‍ പകര്‍ത്തിയത്.
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. ഭീഷണി ആവര്‍ത്തിച്ചതോടെ 11 ലക്ഷം രൂപ പരാതിക്കാരന്‍ നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് കഴിഞ്ഞ 18ന് ഇദ്ദേഹം പരവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.