ഉന്നത വിദ്യാഭ്യാസമേഖല ആര്‍.ബിന്ദു എകെജി സെന്ററാക്കി മാറ്റി: കെ.സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ നിര്‍ദേശത്തോടെ അട്ടിമറിനടന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത വിദ്യാഭ്യാസമേഖല എകെജി സെന്ററാക്കി മാറ്റി കഴിഞ്ഞുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടി കേഡര്‍മാരായ സ്വന്തക്കാര്‍ക്ക് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം കിട്ടാതായപ്പോള്‍ പട്ടിക തിരുത്തിച്ച് അനര്‍ഹരെ കുത്തി നിറച്ച മന്ത്രിക്ക് ഇനിയും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി അംഗീകരിച്ച് നിയമനത്തിനായി സമര്‍പ്പിച്ച ശുപാര്‍ശ ഫയലിലെ 43 പേരുടെ നിയമനം നടത്താതെ തടഞ്ഞുവെക്കാന്‍ ബിന്ദുവിന് അധികാരമില്ല. മന്ത്രി നടത്തിയത് നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാത സമീപനവുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പും വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണങ്ങളും അടക്കം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ നാണംകെടുത്തുമ്പോഴാണ് മന്ത്രി തന്നെ നേരിട്ട് ഇറങ്ങി അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടേണ്ട സംസ്ഥാന സര്‍ക്കാര്‍ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുകയാണ്. ഓരോ സര്‍വകലാശാലയിലും ഡിഗ്രിക്കു പോലും പതിനായിരക്കണക്കിന് സീറ്റ് ഒഴിഞ്ഞു കിടക്കുന്നു എന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കും എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി മൗനം വെടിയണം. അദ്ധ്യാപകരുടെയും അടിസ്ഥാന സൗകര്യത്തിന്റെയും കുറവു മൂലം കേരളത്തിലെ ഇരുനൂറോളം മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമായി എന്നതും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് വ്യക്തമാക്കുന്നു.

എസ്എഫ് ഐ പോലുള്ള സംഘടനകളുടെ ഗുണ്ടായിസവും ഭീഷണിയുമാണ് വിദ്യാര്‍ത്ഥികളെ കേരളം വിടാന്‍ പ്രേരിപ്പിക്കുന്നത്. പതിനായിരക്കണക്കിന് സീറ്റില്‍ ആളില്ലാതായതോടെ മറ്റൊരു വെളളാനയായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മാറുകയാണ്. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനത്തിന് അയല്‍ സംസ്ഥാനങ്ങളിലേക്ക് കുടിയേറുമ്പോള്‍ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന പ്രഖ്യാപിച്ച കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഒരാള്‍ പോലും എത്തുന്നുമില്ല. ഇങ്ങനെയാണെങ്കില്‍ എന്തിനാണ് ഒരു ഉന്നത വിദ്യാഭ്യാസ വകുപ്പെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

Related posts:

Leave a Reply

Your email address will not be published.