വിഴിഞ്ഞം തുറമുഖ നിര്‍മാണ കമ്പനിക്ക് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കാന്‍ ഹൈക്കോടതി

1 min read

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കിയേ പറ്റൂവെന്ന് ഹൈക്കോടതി.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഉത്തരവുണ്ടായിട്ടും ഒന്നും നടന്നില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചതോടെയാണ് കോടതി വീണ്ടും നിര്‍ദേശം നല്‍കിയത്. പദ്ധതി പ്രദേശത്തെ സമരപ്പന്തല്‍ പൊളിച്ചു മാറ്റണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം ഗര്‍ഭിണികളും വൃദ്ധരും സമരപ്പന്തലില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതുകൊണ്ടാണ് പന്തല്‍ പൊളിക്കാന്‍ കഴിയാത്തത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങളൊന്നും ഇതുവഴി വന്നിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു, വാഹനങ്ങള്‍ എത്തിയാല്‍ തടയില്ലെന്ന് സമര സമിതിയും കോടതിയെ അറിയിച്ചു.

സംരക്ഷണത്തിന് കേന്ദ്ര സേനയെ ആവശ്യമാണെങ്കില്‍ സംസ്ഥാന സര്‍ക്കാരാണ് മുന്‍കൈയെടുക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്രമസമാധാനച്ചുമതലയുളള എഡിജിപി വഴിയാണ് ഇക്കാര്യം അറിയിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ തുടരുന്ന സമരം കാരണം തുറമഖ നിര്‍മാണം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണെന്നും കോടതി ഇടപെടല്‍ വേണമെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യത്തില്‍ പ്രദേശത്തെ തടസങ്ങള്‍ ഉടന്‍ നീക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസവും നിര്‍ദേശം നല്‍കിയിരുന്നു. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Related posts:

Leave a Reply

Your email address will not be published.