നരേന്ദ്ര മോദി മഹത്തായ ദേശ സ്‌നേഹി; വാനോളം പ്രശംസിച്ച് പുടിന്‍, വിദേശ നയത്തിനും കൈയ്യടി
1 min read
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. മോദി മഹത്തായ രാജ്യ സ്‌നേഹിയാണെന്നും ഇന്ത്യയുടെ വിദേശ നയങ്ങള്‍ മഹത്തരമാണെന്നും പുടിന്‍ പറഞ്ഞു. മോസ്‌കോയില്‍ നടന്ന വാല്‍ഡായി ക്ലബ് കോണ്‍ഫറന്‍സിലാണ് പുടിന്‍ മോദിയെ വാനോളം പ്രശംസിച്ചത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേക ബന്ധമുണ്ട്. രണ്ട് രാജ്യങ്ങളും തമ്മില്‍ ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളില്ലെന്നും പുടിന്‍ പറഞ്ഞു.
വിദേശ നയരൂപീകരണത്തില്‍ ഇന്ത്യയ്ക്ക് വളരെയേറെ ചെയ്യാനുണ്ടെന്നും ആഗോള വിഷയങ്ങളില്‍ പ്രധാന പങ്കുവഹിക്കാനാകുമെന്നും എനിക്ക് ഉറപ്പുണ്ട്. അതിന് ഉതകുന്ന വിദേശ നയമാണ് ഇന്ത്യ കൈയ്യാളുന്നതെന്നും പുടിന്‍ പറഞ്ഞു. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും സ്വതന്ത്രരായി ആധുനിക രാജ്യമായുള്ള ഇന്ത്യയുടെ വളര്‍ച്ചയെയും പുടിന്‍ പ്രശംസിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം പരസ്പര ധാരണയോടെയുള്ളതാണ്. ഭാവിയിലും ഊഷ്മളമായ ബന്ധം തുടരാനാകുമെന്നും പുടിന്‍ വ്യക്തമാക്കി.
ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, കെര്‍സണ്‍, സപ്പോരിജിയ എന്നീ നാല് ഉക്രേനിയന്‍ പ്രദേശങ്ങള്‍ റഷ്യ പിടിച്ചടക്കിയതിനെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ വിദേശനയത്തെ പുടിന്‍ പ്രശംസിച്ചത്. പ്രമേയത്തെ പിന്തുണച്ചില്ലെങ്കിലും ഉക്രൈനിലെ അടിസ്ഥാന സൌകര്യങ്ങള്‍ തകര്‍ക്കപ്പെടുന്നതിലും സാധാരണക്കാരുടെ മരണവും ഉള്‍പ്പെടെ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അതേസമസയം യുക്രൈയ്‌നെതിരെ ആണവായുധം ഉപയോഗിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ വ്യക്തമാക്കി. യുദ്ധത്തിന് ഇന്ധനം പകരുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ഗുരുതര ആരോപണമാണ് റഷ്യന്‍ പ്രസിഡന്റ് നടത്തിയിട്ടുള്ളത്. യുക്രൈനെതിരായ സംഘര്‍ഷത്തില്‍ സൈനികമായും സാമ്പത്തികമായും നഷ്ടമുണ്ടെങ്കിലും ആത്യന്തിക വിജയം റഷ്യക്കായിരിക്കുമെന്നും റഷ്യന്‍ പ്രസിഡണ്ട് പറഞ്ഞു. ആണവായുധം പ്രയോഗിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല, രാഷ്ട്രീയപരമായും സൈനിക പരമായും അത്തരമൊരു ഉദ്ദേശം ഇല്ലെന്ന് പുടിന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.