മോര്‍ബി തൂക്കുപാലം അറ്റകുറ്റപ്പണിക്ക് അനുവദിച്ചത് 2 കോടി, ചെലവഴിച്ചത് 12 ലക്ഷം

1 min read

മോര്‍ബി: ഗുജറാത്തില്‍ ദുരന്തത്തിനിടയാക്കിയ തൂക്കുപാലം നിര്‍മ്മാണത്തില്‍ നടന്നത് വന്‍വെട്ടിപ്പ്. അറ്റകുറ്റപ്പണിക്കായി അനുവദിച്ച രണ്ട് കോടി രൂപയില്‍ കമ്പനി ചെലവാക്കിയത് 12 ലക്ഷം മാത്രമാണ്. രണ്ട് കോടി രൂപയും ചെലവാക്കി പാലം അറ്റകുറ്റപ്പണി നടത്തി എന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാല്‍, പാലം ബലപ്പെടുത്തിയില്ലെന്നും മോടി പിടിപ്പിക്കല്‍ മാത്രം നടന്നത് എന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. കരാര്‍ ലഭിച്ച ഒവേര കമ്പനിക്കോ അവര്‍ ഉപകരാര്‍ നല്‍കിയ കമ്പനിക്കോ പാലം നിര്‍മ്മാണത്തില്‍ മുന്‍ പരിചയമില്ലെന്നും പൊലീസ് കണ്ടെത്തി.

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് മോര്‍ബിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഓഫീസറെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സന്ദീപ് സിംഗ് സാലയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. തൂക്ക് പാലം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് തുറന്നതെന്ന് ആദ്യം വെളിപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. പിന്നാലെയാണ് അഴിമതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ നടപടി. അതേസമയം, തൂക്ക് പാലത്തിന്റെ അറ്റകുറ്റപ്പണിയില്‍ സ!ര്‍വത്ര ക്രമക്കേടാണ് നടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ 9 ജീവനക്കാരില്‍ 4 പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് വീഴ്ചകള്‍ എണ്ണിപ്പറയുന്നത്.

ഏഴ് മാസത്തോളമാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടത്. ഇക്കാലയളവില്‍ പഴയ കമ്പികള്‍ മാറ്റുകയോ പാലം ബലപ്പെടുത്തുകയോ ഉണ്ടായില്ലെന്നാണ് കണ്ടെത്തല്‍. തറയിലെ മരപ്പാളികള്‍ക്ക് പകരം അലൂമിനിയം ഉപയോഗിച്ചു. ഇത് പാലത്തിന് ഭാരം കൂട്ടി. ഇത് എഞ്ചിനീയറിംഗ് വീഴ്ചയാണ്. പക്ഷെ ഈ പണികളിലൊന്നും എഞ്ചിനീയറിംഗ് വൈദഗ്ദ്യം ഉള്ളവര്‍ മേല്‍നോട്ടത്തിനുണ്ടായിരുന്നില്ല.ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാലം തുറന്ന് കൊടുക്കുകയും ചെയ്തു. ഇലക്ട്രോണിക്‌സ് ഉത്പന്ന നിര്‍മ്മാതാക്കളായ കമ്പനിക്ക് സിവില്‍ വര്‍ക്ക് ടെണ്ടര്‍ പോലുമില്ലാതെ നല്‍കിയതിലും ദുരൂഹതയുണ്ട്. പാലത്തിലേക്ക് അമിതമായി ആളെ കയറ്റിയതും ദുരന്തത്തിലേക്ക് നയിച്ചു.

Related posts:

Leave a Reply

Your email address will not be published.