വര്‍ക്കലയില്‍ റിസോര്‍ട്ട് ജീവനക്കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ അക്രമണം

1 min read

തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് റിസോര്‍ട്ട് ജീവനക്കാരനെ അഞ്ചംഗ സംഘം ആക്രമിച്ചു. ഇടുക്കി രാജാക്കാട് സ്വദേശിയായ അമലാണ് (22) ആക്രമണത്തിനിരയായത്. ഇതേ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരനാണ് അമലിനെ അക്രമിച്ചതെന്ന് പൊലീസ് പറയുന്നു. അമലിനെ പരിക്കുകളോടെ ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് അക്രമി സംഘം പാപനാശത്തെ റിസോര്‍ട്ടിന് സമീപത്തെത്തി ബഹളമുണ്ടാക്കിയത്.

കാര്യം അന്വേഷിക്കാനെത്തിയപ്പോള്‍ ഇവര്‍ അമലിനെ ആക്രമിക്കുകയായിരുന്നു. ബിയര്‍ കുപ്പി ഉപയോഗിച്ച് അമലിന്റെ തലയ്ക്കും ദേഹത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. അടിയേറ്റ് വീണ അമലിനെ അക്രമി സംഘം തീരത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിനിടെ അമലിന്റെ ബോധം നഷ്ടമായി. ഈ സമയം ഭയന്ന അക്രമി സംഘം അമലിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. ബോധരഹിതനായി കടല്‍ത്തീരത്ത് കിടന്ന അമലിനെ നാട്ടുകാരാണ് വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ വര്‍ക്കല പൊലീസ് അക്രമികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Related posts:

Leave a Reply

Your email address will not be published.