മമ്മൂട്ടി മുഖ്യമന്ത്രിയാകുന്ന ചിത്രത്തില്‍ സോണിയാ ഗാന്ധിയാകുന്ന നടി ആര്?
1 min readമഹി വി രാഘവിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമായ ‘യാത്ര 2’വിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സോണിയാ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ക്യാരക്ടര്‍ ലുക്ക് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ജര്‍മന്‍ നടി സൂസെയ്ന് ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യന്‍ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിലും സോണിയാ ഗാന്ധിയായി എത്തിയത് സൂസെയ്നാണ്. പൃഥ്വിരാജിന്റെ തീര്‍പ്പിലും നടി വേഷമിട്ടിട്ടുണ്ട്.
2019ല്‍ മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ‘യാത്ര’യുടെ രണ്ടാം ഭാഗമാണ് ‘യാത്ര 2’. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയത്. വന്‍ ഹിറ്റായ യാത്രയുടെ രണ്ടാം ഭാഗത്തില്‍ നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനുമായ വൈ.എസ്. ജഗന്മോഹന് റെഡ്ഡിയുടെ കഥയാണ് പറയുന്നതെന്നാണ് വിവരങ്ങള്‍. ജീവയാണ് വൈ.എസ്.ജഗന്മോഹന് റെഡ്ഡിയുടെ വേഷം ചെയ്യുന്നത്.
ചിത്രം 2024 ഫെബ്രുവരി എട്ടിന് തിയേറ്ററുകളിലെത്തും. ‘യാത്ര 2’വിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് മഹി വി രാഘവാണ്.
1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന ബയോപിക്കില്‍ പറഞ്ഞത്. ആന്ധ്രാപ്രദേശിനെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ 2004ല്‍ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും പ്രതിപാദിച്ചിരിക്കുന്നത്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ രണ്ടിന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് വൈഎസ്ആര്‍ ആയിരുന്നു.