ശബരിമല സീസണില്‍ കുമളി ടൗണില്‍ പാര്‍ക്കിംഗിന് സ്ഥലം അനുവദിക്കാതെ വനംവകുപ്പ്
1 min read
പത്തനംതിട്ട: ശബരിമല സീസണില്‍ കുമളി ടൗണിനടുത്തുള്ള വനംവകുപ്പിന്റെ ആനവച്ചാല്‍ ഗ്രൗണ്ട് വാഹനങ്ങളുടെ പാര്‍ക്കിംഗിന് നല്‍കണമെന്ന വനംമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് വനംവകുപ്പ്. സീസണ് സമയത്തെ കുമളി ടൗണിലെ പാ!ര്‍ക്കിംഗ് പ്രശ്നം പരിഹരിക്കാനാണ് ഗ്രൗണ്ട് ഉപയോഗിക്കാന്‍ അനുമതി നല്കാന് വനംമന്ത്രി നിര്‍ദ്ദേശിച്ചത്
മണ്ഡല മകര വിളക്ക് കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് കുമളിയിലെത്തുന്നത്. പഞ്ചായത്തിന് പാര്‍ക്കിംഗ് ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ ദേശീയപാതയോരത്താണ് ഈ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് ഒഴിവാക്കാനാണ് ആനവച്ചാലില് വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ പാ!ര്‍ക്കു ചെയ്യുന്ന സ്ഥലത്തില്‍ ഒരു ഭാഗം അനുവദിക്കണമെന്ന് പഞ്ചായത്ത് വനംമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മന്ത്രി അനുകൂലമായി പ്രതികരിച്ചെങ്കിലും കേസുള്ളതിനാല്‍ പാര്‍ക്കിംഗ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് വനം വകുപ്പ് ഇപ്പോഴും.
സീസണിന് മുന്നോടിയായി വിവിധ ക്രമീകരണങ്ങള്‍ കുമളി മുതല്‍ ചോറ്റുപാറ വരെ ഏര്‍പ്പെടുത്താന്‍ സംയുക്ത യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റും തുറക്കും. വഴിവിളക്കുകള്‍, വിരിപ്പന്തല്‍, മെഡിക്കല്‍ ക്യാമ്പ്, ശുചി മുറി, ടൗണില്‍ ട്രാഫിക്ക് നിയന്ത്രണം എന്നിവ നടപ്പാക്കും. റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ മോട്ടര്‍ വാഹന വകുപ്പ് ഏറ്റെടുക്കും. മുന്‍ വര്‍ഷങ്ങളില്‍ ചോറ്റുപാറയില്‍ പോലീസ് സ്ഥാപിച്ച വെര്‍ച്ചല്‍ ക്യൂ സംവിധാനം ഇത്തവണയും തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.