മാഹിയില്‍ നിന്നെത്തിച്ച വിദേശമദ്യം അട്ടപ്പാടിയില്‍ ഉയര്‍ന്ന വിലക്ക് വിറ്റു; സിപിഎം അംഗം പിടിയില്‍
1 min read
പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ വിദേശമദ്യം വില്‍ക്കുന്നതിനിടെ സി പി എം അംഗം പിടിയില്‍. ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂള്‍ റോഡ് ബ്രാഞ്ച് അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സുരേഷ് ബാബു എന്ന മുത്തപ്പന്‍ ബാബു (42) ആണ് പൊലീസിന്റെ പിടിയിലായത്. 270 ലിറ്റര്‍ വിദേശമദ്യമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
സുരേഷ് ബാബുവിന്റെ ഒപ്പം മറ്റ് രണ്ട് പേര്‍ കൂടി പിടിയിലായിട്ടുണ്ട്. പ്രമോദ്, അബ്ദുള്‍ ഹക്കീം എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേര്‍. മാഹിയില്‍ നിന്നും എത്തിച്ച് അട്ടപ്പാടിയില്‍ ഉയര്‍ന്ന വിലക്ക് മദ്യം വില്പന നടത്തുന്ന സംഘമാണ് ഇവര്‍. സുരേഷ് ബാബുവിന്റെ ചെര്‍പ്പുള ശ്ശേരിയിലെ വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് 600 ഓളം മദ്യകുപ്പികള്‍ സൂക്ഷിച്ചിരുന്നത്. സംഘം സ്ഥിരമായി വിദേശമദ്യം വില്‍ക്കുന്നവരായിരുന്നുവെന്ന് പൊലീസ് പറയുന്നു. മാഹിയില്‍ നിന്ന് മദ്യം കയറ്റിയ വണ്ടിക്ക് മുന്നിലും പുറകിലും എസ്‌കോര്‍ട്ട് പോയിരുന്ന രണ്ട് വണ്ടികളും പൊലീസ് പിടികൂടിയിട്ടുണ്ട്.