കാറില്‍ മറ്റൊരു സ്ത്രീ; തടയാന്‍ ശ്രമിച്ച ഭാര്യയെ ഇടിച്ചിട്ട് സിനിമ നിര്‍മ്മാതാവ്; കേസ് എടുത്തു
1 min read
മുംബൈ: ഭാര്യയുടെ ദേഹത്തേക്ക് കാര്‍ കയറ്റാന്‍ ശ്രമിച്ച സിനിമാ നിര്‍മ്മാതാവ് കമല്‍ കിഷോര്‍ മിശ്രയ്‌ക്കെതിരെ കേസ് എടുത്ത് പൊലീസ്. വാഹനത്തില്‍ മറ്റൊരു സ്ത്രീയുമായി പോകുന്നത് ഭാര്യ കണ്ടതിനെ തുടര്‍ന്നാണ് സിനിമാ നിര്‍മ്മാതാവ് കമല്‍ കിഷോര്‍ മിശ്ര തന്റെ ഭാര്യയുടെ മേല്‍ ഇടിച്ചെന്നാണ് പരാതി
ഒക്ടോബര്‍ 19 ന് അന്ധേരിയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നടന്ന സംഭവത്തില്‍ സിനിമാ നിര്‍മ്മാതാവിന്റെ ഭാര്യക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറവായിരുന്നു.
‘ദേഹതി ഡിസ്‌കോ’ എന്ന ഹിന്ദി ചിത്രത്തിന്റെ നിര്‍മ്മാതാവാണ് മിശ്ര. തന്റെ ഭര്‍ത്താവിനെ അന്വേഷിച്ച് പുറത്തിറങ്ങിയെന്നും പാര്‍ക്കിംഗ് ഏരിയയില്‍ കാറില്‍ മറ്റൊരു സ്ത്രീയോടൊപ്പം അയാളെ കണ്ടെന്നും ഇത് ചോദ്യം ചെയ്യാന്‍ പോയപ്പോള്‍ കാര്‍ മുന്നോട്ട് എടുത്ത് ഇടിപ്പിക്കുകയായിരുന്നു എന്നാണ് നിര്‍മ്മാതാവിന്റെ ഭാര്യ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നതായി മുംബൈ അംബോലി പോലീസ് ഉദ്യോഗസ്ഥന്‍ ബുധനാഴ്ച പറഞ്ഞു.
നിര്‍മ്മാതാവിന്റെ കാര്‍ ഭാര്യയെ ഇടിക്കുകയും അവളുടെ കാലുകള്‍ക്കും കൈയ്ക്കും തലയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പരാതി ഉദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍, മിശ്രയ്‌ക്കെതിരെ ഐപിസി 279 (അശ്രദ്ധമായ ഡ്രൈവിംഗ്), ഐപിസി 337 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തിയിലൂടെ മുറിവേല്‍പ്പിക്കുക) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം അംബോലി പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.