സ്വകാര്യബസില്‍ എയര്‍ പിസ്റ്റള്‍ ചൂണ്ടി അക്രമം; അച്ഛനും മൂന്ന് മക്കളും പിടിയില്‍
1 min read
മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയില്‍ സ്വകാര്യബസില്‍ എയര്‍പിസ്റ്റള്‍ ചൂണ്ടി കണ്ടക്ടറെ മര്‍ദ്ദിച്ച കേസില്‍ അഞ്ചുപേരെ പൊലീസ് പിടികൂടി. അച്ഛനും മൂന്ന് മക്കളും, മക്കളുടെ ഒരു സുഹൃത്തുമാണ് മണ്ണഞ്ചേരി പോലീസിന്റെ പിടിയിലായത്. അമ്പനാകുളങ്ങര പുതുവല്‍വെളി വീട്ടില്‍ രാജേഷ്(46), മക്കളായ യാദവ് (20), ദേവനാരായണന്‍(18), ഇന്ദ്രജിത്ത്(22),ഇവരുടെ സുഹൃത്ത് അനന്ദു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴമണ്ണഞ്ചേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബട്ടര്‍ ഫ്‌ലൈ എന്ന ബസില്‍ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. കണ്ടക്ടറായ പൊന്നാട് കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ അബ്ദുള്‍ റസാഖിനാണ് മര്‍ദ്ദനമേറ്റത്. പ്രതികളില്‍ ഒരാളായ രാജേഷ് ബസില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
ടിക്കറ്റ് ചോദിച്ചതിലുള്ള വിരോധത്തില്‍ അമ്പനാകുളങ്ങര ജംഗ്ഷനില്‍ വച്ച് ബസ് അച്ഛനും മക്കളും തടഞ്ഞുനിര്‍ത്തി എയര്‍പിസ്റ്റള്‍ ചൂണ്ടി അബ്ദുള്‍ റസാഖിനെ ഭയപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. അബ്ദുള്‍ റസാഖിന്റെ സുഹൃത്ത് വിഷ്ണുവിനും മര്‍ദ്ദനമേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണ്ണഞ്ചേരി പൊലീസ് പ്രതികളെ കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
അതേസമയം തിരുനെല്ലിയില്‍ സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി യാത്രക്കാരനില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം 3 പ്രതികള്‍ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളായ ജംഷീദ്, മന്‍സൂര്‍, മലപ്പുറം സ്വദേശി ഷഫീര്‍ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്ത് നിന്നാണ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 4 പ്രതികളെ കര്‍ണാടക മാണ്ഡ്യയില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസിലെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.
ഒക്ടോബര്‍ 5 ന് പുലര്‍ച്ചെയാണ് 7 അംഗ സംഘം ഇന്നേവയിലെത്തി സ്വകാര്യ ബസ് യാത്രക്കാരന്റെ കൈയില്‍ നിന്നും ഒന്നരക്കോടി രൂപ കവര്‍ച്ച നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവയില്‍ പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ചിരുന്നു. ഇന്നോവയിലെത്തിയ സംഘം ബസ് തടഞ്ഞ് നിര്‍ത്തിയാണ് തിരൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും ഒരു കോടി നാലപ്പത് ലക്ഷം രൂപ കവര്‍ന്നത്.