ഇലോണ്‍ മാസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്താല്‍ 75 ശതമാനം തൊഴിലാളികള്‍ പുറത്തേക്ക്

1 min read

വാഷിംഗ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ ട്വിറ്ററിന്റെ ഭൂരിഭാഗം തൊഴിലാളികളെയും പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി ദി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. ട്വിറ്ററിന്റെ 75 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് ഇലോണ്‍ മസ്‌കിന്റെ പദ്ധതി.

മസ്‌കിന്റെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നിയമത്തിന്റെ കുരുക്കളില്‍ ആണെങ്കിലും ട്വിറ്റര്‍ ഏറ്റെടുത്തു കഴിഞ്ഞാല്‍ ട്വിറ്ററില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന് മസ്‌ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വില്പന നടക്കാതെ വന്നാലും ട്വിറ്ററില്‍ ജീവനക്കാരെ വെട്ടികുറച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മസ്‌ക് പിരിച്ചുവിടും എന്ന് പറയുന്ന തൊഴിലാളികളുടെ എണ്ണം ട്വിറ്റര്‍ പിരിച്ചുവിടാന്‍ സാധ്യതയുള്ള തൊഴിലാളികളേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ്. കമ്പനിയുടെ ചില ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മസ്‌ക് തന്നെ സൂചിപ്പിച്ചിരുന്നു.

കമ്പനിയില്‍ 75 ശതമാനം ആളുകളെ വെട്ടി കുറച്ചാല്‍ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരും. ഇത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്യും എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, ട്വിറ്ററിന്റെ ജോലിക്കാരുടെ എണ്ണത്തില്‍ ഇത്രയും വലിയ കുറവ് വരുന്നത് കമ്പനിയെ തളര്‍ത്തുമെന്ന അഭിപ്രായവുമുണ്ട്.

2022 ഏപ്രിലില്‍ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്ററില്‍ വലിയ രീതിയിലുള്ള ഉടച്ചുവാര്‍ക്കല്‍ നടത്തുമെന്ന് പിന്നീട് മസ്‌ക് പറ!ഞ്ഞിരുന്നു. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ ഇലോണ്‍ മസ്‌കും ട്വിറ്ററും തമ്മില്‍ ധാരണയായിരുന്നുവെങ്കിലും വ്യാജ അക്കൗണ്ടുകള്‍ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാത്തതിനാല്‍ മസ്‌ക് കരാറില്‍ നിന്നും പിന്മാറുകയായിരുന്നു. കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ട്വിറ്റര്‍ ഇലോണ്‍ മസ്‌കിനെതിരെ നിയമ പോരാട്ടവും ആരംഭിച്ചു. ട്വിറ്ററില്‍ വളരെ സജീവമായ ബിസിനസുകാരില്‍ ഒരാളാണ് ഇലോണ്‍ മസ്‌ക്. 80 ദശലക്ഷത്തിലധികം ഫോളോവേര്‍സാണ് ട്വിറ്ററില്‍ അദ്ദേഹത്തിനുള്ളത്.

Related posts:

Leave a Reply

Your email address will not be published.