മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വീണ്ടും എല്‍ദോസ്; നീക്കം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ
1 min read
തിരുവനന്തപുരം: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വീണ്ടും എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് എംഎല്‍എ മുന്‍കൂര്‍ ജാമ്യം തേടിയത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് എല്‍ദോസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്‍മാറാനായി കൃത്രിമ രേഖ ചമക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എല്‍ദോസിനെതിരെ വഞ്ചിയൂര്‍ പൊലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസില്‍ നിന്നും പിന്‍മാറാന്‍ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും മര്‍ദ്ദിച്ചുവെന്നുമാണ് മൊഴി. എല്‍ദോസിനെ മാത്രം പ്രതിയാക്കിയാണ് കേസെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. ഈ കേസില്‍ പരാതിക്കാരിയുടെ മൊഴി ഇന്ന് വഞ്ചിയൂര്‍ പൊലീസ് രേഖപ്പെടുത്തി.
അതിനിടെ, എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പരാതിക്കാരി ഇന്ന് രംഗത്ത് വന്നു. കേസില്‍ നിന്ന് പിന്‍മാറണമെന്നും മൊഴി നല്‍കരുതെന്നും ഇപ്പോഴും ആവശ്യപ്പെടുന്നതായും പരാതിക്കാരി പറഞ്ഞു. കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയക്കുന്നു. സൈബര്‍ പൊലീസിന് പരാതി നല്‍കി. എംഎല്‍എ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു. ഹാജരാക്കുന്നത് വ്യാജ തെളിവുകള്‍. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പരാതി നല്‍കും. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം. പീഡന കേസില്‍ ആരോപണ വിധേയനായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചായിരുന്നു തെളിവെടുപ്പിന്റെ ഭാഗമായുള്ള പരിശോധന. ഇതിന് ശേഷം എംഎല്‍എയെ ഇവിടെ നിന്ന് കോവളത്തേക്ക് കൊണ്ടുപോയി. കോവളത്തെ സൂയിസൈഡ് പോയിന്റിലും ഗസ്റ്റ് ഹൗസിലും എംഎല്‍എയെ എത്തിച്ച് തെളിവെടുക്കും.