എല്‍ദോസ് കുന്നപ്പിളളില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തും

1 min read

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. എല്‍ദോസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് അഭിഭാഷകന്‍ അഡ്വക്കേറ്റ് കുറ്റിയാനി സുധീര്‍ വ്യക്തമാക്കി. മൊബൈല്‍, പാസ്‌പോര്‍ട്ട് എന്നിവ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. എഫ്‌ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി അച്ചടക്ക നടപടിയിലും ഇന്ന് തീരുമാനം വന്നേക്കും.

എല്‍ദോസിന് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും. പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം. ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയില്‍ മറ്റൊരു കേസ് കൂടി പൊലീസ് എല്‍ദോസിനെതിരെ എടുത്തിരുന്നു. പേട്ട പൊലീസാണ് കേസെടുത്തത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന എല്‍ദോസ് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ പെരുമ്പാരൂരിലെ വീട്ടിലെത്തിയിരുന്നു.

അതേസമയം, ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ വിളിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ വ്യക്തമാക്കി. ഒളിവില്‍ പോയതില്‍ എല്‍ദോസ് ഖേദം അറിയിച്ചതായും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാന്‍ എന്ന് എല്‍ദോസിന് മറുപടി നല്‍കിയതായും സുധാകരന്‍ പറഞ്ഞു. എല്‍ദോസിനെതിരെ നടപടി എടുക്കുന്നതില്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കോടതി കണക്കിലെടുത്ത കാരണങ്ങള്‍ പരിശോധിക്കും.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന എല്‍ദോസിന്റെ ആരോപണവും പരിശോധിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഒളിവ് ജീവിതത്തിന് ശേഷം പുറത്ത് വന്ന എല്‍ദോസ് ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ കോടതി ഉത്തരവ് പരിശോധിച്ച്, വക്കിലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

Related posts:

Leave a Reply

Your email address will not be published.