കാന്‍സറിന് കാരണമാകുന്ന രാസവസ്തു; പ്രമുഖ ഷാമ്പൂ പിന്‍വലിച്ചതില്‍ ആശങ്ക വേണോ? വ്യക്തത വരുത്തി ദുബൈ
1 min read
ദുബൈ: കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പ്രമുഖ ബ്രാന്‍ഡുകളുടെ ഷാമ്പൂ ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ച സംഭവത്തില്‍ വ്യക്തത വരുത്തി ദുബൈ മുന്‍സിപ്പാലിറ്റി. കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ ഉണ്ടെന്ന സംശയത്തില്‍ ഡവ് ഉള്‍പ്പെടെയുള്ള ജനപ്രിയ എയ്‌റോസോള്‍ ഡ്രൈ ഷാമ്പൂകള്‍ യൂണിലിവര്‍ തിരിച്ചു വിളിച്ചിരുന്നു.
ഇവ ഉപയോഗിക്കുന്നതിനെതിരെ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഈ ഉല്‍പ്പന്നങ്ങള്‍ ദുബൈയിലെ പ്രാദേശിക വിപണിയില്‍ വില്‍പ്പനയ്ക്ക് ലഭ്യമല്ലെന്ന് ദുബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ ബുധനാഴ്ച വ്യക്തമാക്കി. എമിറേറ്റില്‍ ഇവ വില്‍ക്കുന്നില്ലെന്നും ദുബൈയിലെ താമസക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഉല്‍പ്പന്നങ്ങളെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്‍സിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. യുഎസിലെ വിപണിയില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ യുഎഇയിലെ വിപണിയില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണെന്നും ഓരോ മേഖലയിലെയും പാരിസ്ഥിതിക സാഹചര്യങ്ങള്‍ അനുസരിച്ച് ഉല്‍പ്പന്നങ്ങളില്‍ വ്യത്യസ്ത പ്രത്യേകതകളാണ് ഉള്ളതെന്നും മുന്‍സിപ്പാലിറ്റി ആവര്‍ത്തിച്ചു.
പ്രാദേശിക വിപണിയില്‍ നിര്‍മ്മിക്കുന്ന, ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ കൃത്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കാനായി ഇന്റഗ്രേറ്റഡ് കണ്‍ട്രോള്‍ സംവിധാനമുണ്ട്. ഇതിന് പുറമെ ദുബൈയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിരന്തരം പരിശോധനകള്‍ നടത്തുകയും ഉല്‍പ്പന്നങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്യാറുണ്ട്. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കിലോ ഏതെങ്കിലും പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച ശേഷം വിപരീത ഫലം ഉണ്ടായാലോ ദുബൈ മുന്‍സിപ്പാലിറ്റിയുമായി ബന്ധപ്പെടണം. 800900 എന്ന നമ്പര്‍ വഴിയോ ദുബൈ മുന്‍സിപ്പാലിറ്റി സ്മാര്‍ട് ആപ്പ് വഴിയോ ജനങ്ങള്‍ക്ക് അധികൃതരെ വിവരങ്ങള്‍ അറിയിക്കാം.
അതേസമയം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത അറിയിപ്പ് അനുസരിച്ച്, എയറോസോള്‍ ഡ്രൈ ഷാംപൂ നിര്‍മ്മിക്കുന്ന നെക്‌സക്‌സ്, ട്രെസ്മി,റ്റിഗി തുടങ്ങിയ ചില ജനപ്രിയ ബ്രാന്‍ഡുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. ഉല്‍പന്നങ്ങളില്‍ കണ്ടെത്തിയ ബെന്‍സീനിന്റെ അളവ് കമ്പനി പുറത്തുവിട്ടിട്ടില്ല, എന്നിരുന്നാലും വളരെയധികം ജാഗ്രതയോടെ കമ്പനി വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. ബെന്‍സീന്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ രക്താര്‍ബുദത്തിന് കാരണമായേക്കാം.