നാടുകടത്തപ്പെടുന്ന പ്രവാസികളെ തിരിച്ചറിയാന്‍ വിമാനത്താവളത്തില്‍ സംവിധാനമൊരുക്കുന്നു

1 min read

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്ന പ്രവാസികളെ തിരിച്ചറിയുന്നതിനായി കുവൈത്ത് അന്താരാഷ്!ട്ര വിമാനത്താവളത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതിനായി 2,28,500 ദിനാറിന്റെ (ആറ് കോടിയിലധികം ഇന്ത്യന്‍ രൂപ) പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം ഉന്നത അധികാരികളില്‍ നിന്ന് അനുമതി തേടി.

നാടുകടത്തപ്പെടുന്ന പ്രവാസികളുടെ വിരലടയാളങ്ങളും മറ്റ് ഇമേജുകളും ശേഖരിച്ച് സൂക്ഷിക്കാനും ഇവര്‍ പിന്നീട് രാജ്യത്തേക്ക് മടങ്ങി വരുന്നത് തടയാനും വേണ്ടിയാണ് കുവൈത്ത് അന്താരാഷ്!ട്ര വിമാനത്താവളത്തില്‍ സംവിധാനമൊരുക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. പദ്ധതി രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും നടപ്പാക്കുകയെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവരുന്നവരെയും ലക്ഷ്യമിട്ട് കുവൈത്തില്‍ വ്യാപക പരിശോധനയാണ് കഴിഞ്ഞ കുറേ മാസങ്ങളായി നടന്നുവരുന്നത്. വിവിധ കേസുകളില്‍ സുരക്ഷാ വിഭാഗങ്ങള്‍ അന്വേഷിക്കുന്നവരെയും ഗതാഗത നിയമലംഘനം ഉള്‍പ്പെടെ മറ്റ് കേസുകളില്‍ പിടിയിലാവുന്നവരെയും അടക്കം നടപടികള്‍ പൂര്‍ത്തിയാക്കി കുവൈത്തില്‍ നിന്ന് നാടുകടത്തുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റൊരു വിസയിലും രാജ്യത്തേക്ക് മടങ്ങിവരാന്‍ സാധിക്കാത്ത തരത്തില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.

നിശ്ചിത കാലയളവില്‍ ഒരു ഗള്‍ഫ് രാജ്യത്തേക്കും പ്രവേശിക്കാനാവാത്ത തരത്തില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ നൂറുകണക്കിന് പ്രവാസികളാണ് ഇത്തരത്തില്‍ പിടിക്കപ്പെട്ട് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കപ്പെട്ടത്. പ്രവാസികളുടെ താമസ സ്ഥലങ്ങളിലും മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായെത്തി പരിശോധന നടത്തുകയാണ് ചെയ്യുന്നത്.

Related posts:

Leave a Reply

Your email address will not be published.