രഞ്ജിത്ത് ഇതിഹാസമെന്ന് സാസ്‌കാരികമന്ത്രി, മന്ത്രി മിണ്ടരുതെന്ന് വിനയനും
1 min read
വിവാദങ്ങളൊടുങ്ങാതെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും അക്കാദമി ചെയർമാനും
പത്തൊൻപതാം നൂറ്റാണ്ട് എന്ന തന്റെ സിനിമയെ തഴയാൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ഇടപെട്ടു. ജൂറി അംഗങ്ങളുമായി ഒത്തു കളിച്ചു. സംവിധായകൻ വിനയന്റെ ഫെയ്‌സ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തലാണിത്. ഇതിനു തെളിവായി ജൂറി അംഗമായ നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്ത് ആ പദവിയുടെ അന്തസ്സ് കളഞ്ഞു കുളിച്ചു. ആ സ്ഥാനത്തിരിക്കാൻ രഞ്ജിത്ത് യോഗ്യനല്ല എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മുഖ്യമന്ത്രിയെ കണ്ട് നിജസ്ഥിതി ധരിപ്പിക്കുമെന്നും വിനയൻ പറയുന്നു. എന്നാൽ വിനയനെ തള്ളി, രഞ്ജിത്തിനെ ഇതിഹാസമാക്കി സാസ്‌കാരിക മന്ത്രി സജി ചെറിയാൻ. രഞ്ജിത്ത് മാനനായ ഇതിഹാസമാണ് മന്ത്രിക്ക്. രണ്ട് ഇതിഹാസങ്ങൾ നാം കേട്ടിട്ടുണ്ട്. രാമായണവും മഹാഭാരതവും. ഇപ്പോഴിതാ സിപിഎം വക മൂന്നാമതൊരു ഇതിഹാസം കൂടി. ഇനിയെന്തൊക്കെ ഇതിഹാസങ്ങൾ വരാനിരിക്കുന്നുവോ ആവോ? ഭരണഘടനയിൽ കുന്തവും കുടച്ചക്രവും കണ്ട മന്ത്രിക്ക് രഞ്ജിത്ത് ഇതിഹാസമായതിൽ അത്ഭുതമൊന്നുമില്ല.
അവാർഡ് നിർണയത്തിൽ രഞ്ജിത്തിന് പങ്കില്ല. 100 ശതമാനം അർഹതയുള്ളവർക്കാണ് അവാർഡ് കൊടുത്തത്. എല്ലാവർക്കും അവാർഡ് കൊടുക്കാനാവുമോ? ഇങ്ങനെ പോകുന്നു മന്ത്രിയുടെ വാദം. ഒരുപടികൂടി കടന്നു അദ്ദേഹം. ഉരച്ചു നോക്കി തങ്കത്തിനാണ് അവാർഡ് കൊടുത്തതത്രേ. അതായത് ഇത്തവണ അവാർഡ് കിട്ടിയവരൊക്കെ തങ്കക്കുടങ്ങളാണ് എന്ന്.
അവാർഡ് ചർച്ച നടക്കുമ്പോൾ മന്ത്രി കൂടെയില്ലല്ലോ. മറുപടി രഞ്ജിത്ത് പറയട്ടെ എന്ന് വിനയൻ. വളവളാന്ന് പറയാതെ മിണ്ടാതിരിയെന്നർത്ഥം. ഒന്നുകൂടി ഉറപ്പു വരുത്താൻ പി.എസിനോട് ചോദിക്ക് എന്നൊരു ഉപദേശവും.
ഇതിനിടയിൽ രഞ്ജിത്തിന്റെ ഇടപെടൽ വെളിപ്പെടുത്തി മറ്റൊരു ജൂറി അംഗവും ഗായികയുമായ ജിൻസി ഗ്രിഗറി. ചില പാട്ടുകൾ ചവറാണെന്ന് രഞ്ജിത്ത് പറഞ്ഞു. ഇത്തരം ഇടപെടലുകൾ വിഷമമുണ്ടാക്കി. ഒരു മാധ്യപ്രവർത്തകനോട് സംസാരിക്കുന്ന ഓഡിയോ ക്ലാപ്പാണ് പുറത്തു വന്നിരിക്കുന്നത്.
സാംസ്‌കാരിക മന്ത്രി പുണ്യാളനാക്കി ചില്ലുകൂട്ടിലടച്ച രഞ്ജിത്തിനെതിരെ രംഗത്തു വന്നിരിക്കുകയാണ് സിപിഐയുടെ യുവജനസംഘടന എഐവൈഎഫ്. വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ് അവരുടെ ആവശ്യം. മാടമ്പി ശൈലിയാണ് രഞ്ജിത്തിന്റേത്. ചവറ് സിനിമയാണെന്ന പ്രയോഗം അദ്ദേഹത്തിന് യോജിച്ചതല്ല. നിയമനടപടിയുമായി മുന്നോട്ട് പോകും. വിയന് പിന്തുണ നൽകും.
സിപിഎം സഹയാത്രികരായ വിനയനും രഞ്ജിത്തും ഇരുഭാഗത്തും നിന്ന് അവാർഡിനു പിടിവലി കൂടുമ്പോൾ കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ് പൊതുജനത്തിന് നല്ലത്. അല്ലെങ്കിലും നമുക്കൊക്കെ ആര് അവാർഡ് തരാനാണ്. എന്ത് അവാർഡ് തരാനാണ്. തരേണ്ടത് ക്ഷമക്കുള്ള അവാർഡാണ്. അങ്ങനെയൊന്ന് കണ്ടു പിടിച്ചിട്ടുമില്ല.