എകെജി സെന്ററിൽ നിന്നുള്ള ഭരണം സർവകലാശാലകളിൽ അവസാനിപ്പിച്ചതു കൊണ്ടാണ് ഗവർണറോട് സിപിഎമ്മിന് അസഹിഷ്ണുത: കെ.സുരേന്ദ്രൻ
1 min readകൊച്ചി: എകെജി സെന്ററിൽ നിന്നുള്ള ഭരണം കേരളത്തിലെ സർവകലാശാലകളിൽ നിന്നും അവസാനിപ്പിച്ചത് കൊണ്ടാണ് ഗവർണറോട് സിപിഎം അസഹിഷ്ണുത കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർവകലാശാലകളുടെ നിയന്ത്രണം നഷ്ടമാവുമെന്ന ഭയമാണ് സിപിഎമ്മിനുള്ളതെന്നും ആലുവയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരിക്കുമ്പോൾ പോലും സർവകലാശാലകളിൽ സിപിഎം മേധാവിത്വമായിരുന്നു. ചീഫ് സെക്രട്ടറിമാരെയായിരുന്നു പണ്ട് ഗവർണർമാർ സർവകലാശാലകളിലേക്ക് അയച്ചത്. എന്നാൽ ഇന്ന് മാർകിസ്റ്റ് പാർട്ടിക്ക് സർവകലാശാലകളുടെ ഭരണം കൈപിടിയിൽ ഒതുക്കാനാവുന്നില്ല. സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ, പാർട്ടി ഓഫീസിൽ നിന്നുള്ള നിയമനങ്ങൾ, യോഗ്യതയില്ലാത്ത വൈസ്ചാൻസിലർമാരെ നിയമിക്കുന്നത് എല്ലാം നിർത്തിയത് ആരിഫ് മുഹമ്മദ് ഖാനാണ്. സർവകലാശാലകളുടെ അധികാരം ചാൻസിലർക്ക് തന്നെയാണെന്ന് സുപ്രീംകോടതി പറഞ്ഞു കഴിഞ്ഞു. ഗവർണറെ ഭീഷണിപ്പെടുത്താനാണ് സിപിഎം തെരുവ് യുദ്ധം നടത്തുന്നത്. എന്നാൽ സിപിഎമ്മിന് ആള് മാറി പോയി. സെനറ്റിലേക്ക് ആളുകളെ ശുപാർശ ചെയ്യാൻ സിപിഎം മന്ത്രിയെ നിശ്ചയിച്ചത് തെറ്റാണ്. കേരളത്തിലെ സർവകലാശാലകൾക്ക് സ്വയംഭരണാവകാശം കൊടുക്കുകയാണ് ഗവർണർ ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യമായി ഗവർണറെ അധിക്ഷേപിക്കുകയാണ്. ഗവർണർ എന്തോ മഹാപരാധം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ സർവകലാശാലകളുടേയും ചാൻസിലറായ ഗവർണറെ എവിടെയും കാല് കുത്തിക്കില്ലെന്നാണ് എസ്എഫ്ഐ പറയുന്നത്. ഗവർണറെ കാല് കുത്തിക്കില്ലെന്ന് എസ്എഫ്ഐ നേതാവ് പറഞ്ഞതാണ് തെറ്റ്. അതിനെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യേണ്ടത്. ഗവർണർക്കെതിരെ തെമ്മാടിത്തരമാണ് എസ്എഫ്ഐ നടത്തുന്നത്. ഗവർണർക്കെതിരെ വെച്ച പോലത്തെ ബാനർ മുഖ്യമന്ത്രിക്കെതിരെ വെക്കാൻ പറ്റുമോ? മാർർജി ഭവനിൽ നിന്നും ഒരു ലിസ്റ്റും ആർക്കും കൊടുക്കുന്ന രീതി ബിജെപിക്കില്ല. ജെഎൻയുവിനെ സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ കേരളത്തിലെ സർവകലാശാലകളിലും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു കൊണ്ടുവരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.