വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും ബിജെപിയും, വേദി പങ്കിട്ട് നേതാക്കള്‍

1 min read

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷന്‍ കൗണ്‍സില്‍ ലോംഗ് മാര്‍ച്ചില്‍ ബിജെപി നേതാവ് വി വി രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ പങ്കെടുത്തു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുള്ള പദ്ദതിയെന്ന് വി വി രാജേഷ് പറഞ്ഞു. വിഴിഞ്ഞ സമരത്തിനെതിരായ സമരങ്ങളെ പിന്തുണയ്ക്കുമെന്ന് ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.

വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങള്‍ അണിനിരക്കണമെന്ന് പറഞ്ഞ, ആനാവൂര്‍ നാഗപ്പന്‍ സമരത്തിനെതിരായ സമരങ്ങള്‍ക്ക് സിപിഎം പിന്തുണ നല്‍കുമെന്നും അറിയിച്ചു. വിഴിഞ്ഞത്ത് കലാപത്തിനാണ് സമരക്കാര്‍ ശ്രമിക്കുന്നതെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. സര്‍ക്കാരും കോടതിയും ജനങ്ങളും സമരത്തിന് എതിരെയാണ്. ഇതിനാല്‍ കലാപത്തിന് ശ്രമം നടക്കുകയാണ്, ഇതിനെതിരെ സമാധാനപരമായ സമരം ആയിരിക്കണം നടക്കേണ്ടത്. അത്തരം സമരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ആനാവൂര്‍ പ്രതികരിച്ചു.

വലിയ സംഘര്‍ഷ സാധ്യതയുണ്ടെന്ന് വി വി രാജേഷും പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം. വിഴിഞ്ഞ സമരത്തിനെതിരായ കൂട്ടായ്മയ്ക്ക് പിന്തുണ നല്‍കുമെന്നും വി വി രാജേഷ് പറഞ്ഞു. സംയമനം പാലിച്ച് കൊണ്ട്, വിഴിഞ്ഞം യാഥാര്‍ത്ഥ്യം ആക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രദേശത്തെ തടസങ്ങള്‍ ഉടനടി നീക്കം ചെയ്യാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. സര്‍ക്കാര്‍ സംവിധാനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി എങ്ങനെ സമരം ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. വിഴിഞ്ഞം സമരം ബഹുജന പ്രക്ഷോഭമാണെന്നും ആവശ്യങ്ങളിന്മേല്‍ മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും സമരക്കാര്‍ കോടതിയെ അറിയിച്ചു. തുറമുഖ നിര്‍മ്മാണ പ്രദേശത്തെ വഴി തടയില്ലെന്ന സമരക്കാര്‍ നല്‍കിയ ഉറപ്പ് കോടതി രേഖപ്പെടുത്തി.

Related posts:

Leave a Reply

Your email address will not be published.