ഞാന്‍ പറയുന്നത് കളവാണെന്ന് തെളിയിച്ചാല്‍ എന്നെ തൂക്കികൊന്നോളൂ; കെജ്രിവാളിനോട് സുകേഷ് ചന്ദ്രശേഖര്‍

1 min read

ആംആദ്മി പാര്‍ട്ടിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയ തട്ടിപ്പുകേസ് പ്രതി സുകേഷ് ചന്ദ്രശേഖര്‍ പുതിയ കത്തുമായി രംഗത്ത്. ആംആദ്മി പാര്‍ട്ടി കണ്‍വീനറും, ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനാണ് ഇത്തവണത്തെ കത്ത് എന്നാണ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കെജ്രിവാള്‍ ഞാന്‍ ദില്ലി ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് മുന്നില്‍ ഉന്നയിച്ച വിഷയങ്ങള്‍ കളവാണ് എന്നാണ് താങ്കളും കൂട്ടാളികളും പറയുന്നത്. എന്നാല്‍ അത് തെറ്റാണെന്ന് നിങ്ങള്‍ തെളിയിച്ചാല്‍ എന്നെ തൂക്കികൊന്നോളൂ, അല്ലെങ്കില്‍ താങ്കള്‍ രാജിവയ്ക്കണം, ഒപ്പം രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കണം കത്തില്‍ സുകേഷ് പറയുന്നു.

ഇപ്പോഴും തീഹാര്‍ ജയിലില്‍ കഴിയുകയാണ് സുകേഷ് ചന്ദ്രശേഖര്‍. നേരത്തെ ആംആദ്മി പാര്‍ട്ടിക്ക് കോടികള്‍ നല്‍കാന്‍ നിര്‍ബന്ധിച്ചെന്നും. അത് വഴി രാജ്യസഭ സീറ്റും, പാര്‍ട്ടിയില്‍ സുപ്രധാന പദവികളും വാഗ്ദാനം ചെയ്തുവെന്നാണ് സുകേഷ് മുന്‍പ് അയച്ച കത്തില്‍ ആരോപിച്ചത്. ഈ കത്ത് ബിജെപി അടക്കം വലിയ രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

നേരത്തെ മറ്റൊരു കത്തില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ കൈക്കൂലി പരാതി ഉന്നയിച്ചതിന് പിന്നാലെ ഭീഷണിയെന്ന് സുകേഷ് ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു. ജയിലില്‍ കഴിയുന്ന മന്ത്രി സത്യേന്ദ്രജയിനും, മുന്‍ തിഹാര്‍ ജയില്‍ ഡിജിയുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് സുകേഷ് പറഞ്ഞിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്നും മോര്‍ബി ദുരന്തത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സുകേഷിന്റെ ആരോപണം എന്നായിരുന്നു വിഷയത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. വ്യവസായികളും സെലിബ്രിറ്റികളും ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തികളില്‍ നിന്ന് പണം തട്ടിയ കേസില്‍ 2017 മുതല്‍ സുകേഷ് ചന്ദ്രശേഖര്‍ ജയിലിലാണ്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എഎപി ബിജെപി പോരാട്ടത്തില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് സുകേഷ് ഉയര്‍ത്തിയ ഈ ആരോപണങ്ങളായിരിക്കും.

Related posts:

Leave a Reply

Your email address will not be published.