തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 2 വര്‍ഷം കൊണ്ട് നടന്ന 1000ലധികം താല്‍ക്കാലിക നിയമനങ്ങള്‍
1 min read
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. രണ്ട് വര്‍ഷം കൊണ്ട് നടന്ന ആയിരത്തിലധികം താല്‍ക്കാലിക നിയമനങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. താല്‍ക്കാലിക നിയമനങ്ങളില്‍ കോടികളുടെ അഴിമതി നടന്നെന്നും പരാതിയില്‍ ആരോപിക്കുന്നു.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദമായതിന് പിന്നാലെയാണ് പരാതി. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തിനെ കുറിച്ച് അറിയില്ലെന്ന് മേയര്‍ പ്രതികരിച്ചു. കത്തയച്ച ഒന്നാം തിയതി ‘എവിടെ എന്റെ തൊഴില്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ദില്ലിയില്‍ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം. സ്വന്തം നിലക്കും പാര്‍ട്ടി തലത്തിലും അന്വേഷിക്കുമെന്നും മേയര്‍ അറിയിക്കുമ്പോള്‍ കത്ത് കിട്ടിയില്ലെന്നാണ് ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം. എന്നാല്‍, കത്ത് എഴുതിയാലും ഇല്ലെങ്കിലും വന്‍ ക്രമക്കേട് നടന്നെന്നും ഭരണ സമിതി പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭരംഗത്താണ്.
ഇതിന് പുറമേ, പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ സമാനമായ കത്തും പുറത്ത് വന്നിട്ടുണ്ട്. കൗണ്‍സിലര്‍ അനില്‍ ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് പുറത്തായത്. എസ് എ ടി ആശുപത്രിയോട് ചേര്‍ന്ന വിശ്രമ കേന്ദ്രത്തിലെ നിയമനത്തിനായി പാര്‍ട്ടി പട്ടിക തേടിയായിരുന്നു ഈ കത്ത്. മാനേജര്‍ അടക്കം 9 തസ്തികകളിലേക്കാണ് പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 24ന് അയച്ച കത്താണ് പുറത്ത് വന്നത്. 3 തസ്തികകളിലേക്ക് 9 പേരെ ആവശ്യമുണ്ടെന്നാണ് കത്തില്‍ പറയുന്നത്.