മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാം; ഗുജറാത്ത് പിടിക്കാന്‍ കെജ്‌രിവാളിന്റെ ക്യാംപയിന്‍
1 min read
അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്ത് പിടിച്ചടക്കാനുള്ള ശ്രമങ്ങളുമായി ആംആദ്മി പാര്‍ട്ടി മുന്നോട്ട്. അരവിന്ദ് കെജ്‌രിവാള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള ക്യാംപയിന്‍ ആരംഭിച്ചു. ‘ചൂസ് യുവര്‍ മുഖ്യമന്ത്രി’ എന്ന ക്യാംപയിനിലൂടെ ജനങ്ങള്‍ക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാം. സംസ്ഥാനത്ത് റാലികളും ടൗണ്‍ഹാളുകളും സംഘടിപ്പിച്ചും സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചുമാണ് കെജ്രിവാള്‍ ഗുജറാത്ത് പിടിക്കാന്‍ പ്രചാരണം നടത്തുന്നത്.
‘ജനങ്ങള്‍ക്ക് മാറ്റം വേണം. പണപ്പെരുപ്പത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ആശ്വാസം വേണം. ഒരു വര്‍ഷം മുമ്പ് ബിജെപി മുഖ്യമന്ത്രിയെ മാറ്റി. ആദ്യം വിജയ് രൂപാണി. എന്തുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ കൊണ്ടുവന്നു? ഇതിനര്‍ത്ഥം വിജയ് രൂപാണിക്ക് എന്തോ കുഴപ്പമുണ്ടെന്നാണോ?’ കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
‘വിജയ് രൂപാണിയെ കൊണ്ടുവന്നപ്പോള്‍ പൊതുജനങ്ങളോട് ചോദിച്ചില്ല. ദില്ലിയില്‍ നിന്നായിരുന്നു തീരുമാനം. ജനാധിപത്യത്തില്‍ ജനങ്ങളാണ് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത്. 2016ല്‍ ബിജെപി ചോദിച്ചില്ല, 2021ലും ചോദിച്ചില്ല. ആരെ മുഖ്യമന്ത്രിയാക്കണമെന്ന് പൊതുജനങ്ങളോട് ചോദിച്ചാണ് ആംആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. പഞ്ചാബില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് ഞങ്ങള്‍ ജനങ്ങളോടാണ് ചോദിച്ചത്. ജനങ്ങളുടെ ആഗ്രഹപ്രകാരം ഭഗവന്ത് മാനെ തീരുമാനിച്ചു’ എഎപി നേതാവ് പറഞ്ഞു.
‘ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്. ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രി. നിങ്ങളുടെ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ഞങ്ങളോട് പറയാന്‍ ഞങ്ങള്‍ പൊതുജനങ്ങളോട് ആവശ്യപ്പെടുകയാണ്’ കെജ്രിവാള്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം അറിയാന്‍ 6357000360 എന്ന നമ്പര്‍ നല്‍കിയിട്ടുണ്ട്. ഈ നമ്പറില്‍ ന SMS അല്ലെങ്കില്‍ വാട്ട്‌സ്ആപ്പ് സന്ദേശം അയയ്ക്കുകയോ വോയ്‌സ് സന്ദേശം അയയ്ക്കുകയോ ചെയ്യാം. aapnocm@gmail.com എന്ന ഇമെയിലും അറിയിക്കാം എന്നാണ് ആപ് പറയുന്നത്. ഈ നമ്പര്‍ നവംബര്‍ 3 ന് വൈകുന്നേരം 5:00 മണി വരെ പ്രവര്‍ത്തനക്ഷമമായിരിക്കും. ഫലങ്ങള്‍ നവംബര്‍ 4 ന് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെക്കുമെന്നും കെജരിവാള്‍ വ്യക്തമാക്കി. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനമായിരിക്കും നടക്കുക. തെരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.