കലിപ്പോടെ കുഞ്ചാക്കോ ബോബൻ; ചാവേർ തിയേറ്ററുകളിലേക്ക്

1 min read

കുഞ്ചാക്കോ ബോബന്റെ വേഷപ്പകർച്ച ചാവേറിനെ ശ്രദ്ധേയമാക്കുന്നു

കലിപ്പോടെ ജീപ്പിനു മുകളിൽ കയറി നിൽക്കുന്ന കുഞ്ചാക്കോ ബോബൻ. കാലിൽ ഒരു കെട്ട്. കൂടെ നാൽവർ സംഘവും. തീക്ഷ്ണമായ കണ്ണുകൾ,  ആരെയും കൂസാത്ത ഭാവം. എന്തിനും തുനിഞ്ഞിറങ്ങുന്ന നെഞ്ചൂക്കുള്ള മനുഷ്യർ. ചാവേറിന്റെ പോസ്റ്ററിൽ നിന്നും ഇത്രയും വായിച്ചെടുക്കാം.    സെപ്റ്റംബർ 21ന് ചാവേർ തിയേറ്ററുകളിലെത്തും.  ഫേസ്ബുക്ക് പേജിലൂടെ കുഞ്ചാക്കോ ബോബനാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.  ”സങ്കീർണമായ സസ്‌പെൻസിലേക്ക് ഒരു ഗ്രിപ്പ് റൈഡിനായി കലണ്ടറുകളിൽ അടയാളപ്പെടുത്തിക്കോളൂ.  പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കുന്ന ഈ വർഷത്തെ മികച്ച ചലച്ചിത്രം സെപ്റ്റംബർ 21ന്” എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

കുഞ്ചാക്കോ ബോബൻ,   അർജുൻ അശോകൻ,   ആൻറണി വർഗ്ഗീസ് എന്നിവർ പ്രധാനറോളില്ലെത്തുന്ന ചിത്രമാണ് ചാവേർ.  സംവിധാനം  ടിനു പാപ്പച്ചൻ.  നടനും സംവിധായകനുമായ ജോയ് മാത്യുവാണ്  ചാവേറിനായി തിരക്കഥയൊരുക്കിയത്. അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

സിനിമയിലൊളിപ്പിച്ചിരിക്കുന്ന ദുരൂഹതകളെക്കുറിച്ച് സൂചന നൽകുന്നു ഈ റിലീസ് പോസ്റ്റർ.  ചിത്രം നേരത്തെ തന്നെ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിരുന്നു.   ടീസറും മോഷൻ പോസ്റ്ററുമൊക്കെ എാറെ ശ്രദ്ധ പിടിച്ചുപറ്റി. അതിന് പിന്നാലെയാണിപ്പോൾ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റർ എത്തിയിരിക്കുന്നത്.

ടിനു പാപ്പച്ചനും മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ചാവേർ’. കുഞ്ചാക്കോ ബോബൻ തികച്ചും വ്യത്യസ്തമായ വേഷത്തിലെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം.  ‘ചാവേറി’ൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അശോകൻ എന്ന കഥാപാത്രത്തിൻറെ ലുക്ക് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. പറ്റെ വെട്ടിയ മുടിയും കട്ടത്താടിയും കലിപ്പ് നോട്ടവുമായെത്തുന്ന ചാക്കോച്ചന്റെ വേഷപ്പകർച്ച പ്രത്യേകം എടുത്തു പറയേണ്ടതാണ്. ടിനു പാപ്പച്ചന്റെ മറ്റ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ പ്രമേയമാണ് ചാവേറിലേത്.

Related posts:

Leave a Reply

Your email address will not be published.