അക്രമങ്ങളും അപകടങ്ങളും വര്‍ധിക്കുമ്പോഴും തലസ്ഥാനത്തെ സിസിടിവി ക്യാമറകള്‍ നിശ്ചലം
1 min read
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അപകടങ്ങളും വര്‍ദ്ധിക്കുമ്പോഴും തലസ്ഥാനത്ത് പൊലീസിന്റെ സിസിടിവി ക്യാമറകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ അപകട മരണത്തിന് ശേഷം മുക്കിനും മൂലക്കും സിസിടിവികള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല. റെഡ് ബട്ടണ്‍ അടക്കം സ്ത്രീ സുരക്ഷക്കായി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതികളൊന്നും ഫലം കാണുന്നില്ല.
തിരുവനന്തപുരം കഴക്കൂട്ടത്തും കവടിയാറും റെഡ് ബട്ടണ്‍ എന്നപേരില്‍ ഇങ്ങനെ ഒരു ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷക്കെന്ന പേരില്‍ കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഈ പദ്ധതി കൊണ്ട് ഒരു ഉപകാരം ഇതേവരെ ഉണ്ടായിട്ടില്ല, ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് റെഡ് ബട്ടണ്‍ സ്ഥാപിച്ചത്. സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായാല്‍ ഈമെഷിനിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമെത്തുന്നതായിരുന്നു പദ്ധതി.
ഈ മെഷീനില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ വഴി ദൃശ്യങ്ങളും ലഭിക്കും. 2020ല്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തി, പക്ഷെ കണ്‍ട്രോള്‍ റൂമിലേക്ക് ഇതേവരെ മെഷിന്‍ ബന്ധിപ്പിച്ചിട്ടില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് പദ്ധതി നീണ്ടുപോകുന്നത്. റെഡ് ബട്ടന്‍ ഇപ്പോള്‍ ഒരു സ്മാരകം പോലെ റോഡരുകില്‍ നില്‍ക്കുന്നു. 2019 ഓഗസ്റ്റ് മൂന്നിനായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീ!ര്‍ മ്യൂസിയം ജംഗ്ഷനില്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. നഗരഹൃദയമായ മ്യൂസിയത്തിലെ ക്യാമറ പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്നാണ് പുറം ലോകം അറിഞ്ഞത്. മ്യൂസിയം സ്റ്റേഷന്റെ മൂക്കിന് താഴെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പോലും കിട്ടിയില്ല.
പൊലീസിന്റെ നിയന്ത്രണത്തിലുള്ള 235 ക്യാമറകളില്‍ അന്ന് നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് വെറും രണ്ട് ക്യാമറകള്‍ മാത്രം. കണ്ണടച്ച ക്യാമറകളെ കുറിച്ച് ചര്‍ച്ചയായപ്പോള്‍ എല്ലാം ഉടന്‍ നന്നാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇന്ന് 145 ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായുണ്ട്. പക്ഷം കണ്ണായ സ്ഥലമായ മ്യൂസിയം പരിസരത്ത് ഇന്നും ക്യാമറയില്ല. അത് വീണ്ടും മനസ്സിലായതും മറ്റൊരു പ്രമാദമായ കേസ് കാരണം. പ്രഭാത നടത്തിനായി മ്യൂസിയത്തെത്തിയ യുവതി ആക്രമിക്കപ്പെട്ടിട്ട കേസില്‍ പൊലീസ് ഇരുട്ടില്‍ തപ്പാന്‍ കാരണം ക്യാമറയില്ലാത്തത്. മ്യൂസിയത്തിന് പുറത്ത് എവിടെയൊക്കെ ക്യാമറയില്ലെന്ന് കൃത്യമായി പൊലീസ് പറയുന്നതേ ഇല്ല. പൊലീസ് ക്യാമറകള്‍ നോക്കുകുത്തിയാകുമ്പോള്‍ കേസ് അന്വേഷണത്തില്‍ പലപ്പോഴം പൊലീസ് ആശ്രയിക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകളെ.