രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് തീവ്രചിന്താഗതിക്കാരെ സന്തോഷിപ്പിക്കാന്‍: കെ.സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കള്ളക്കേസെടുത്തതിനെ ശക്തമായി അപലപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തീവ്രചിന്താഗതിക്കാരെ സന്തോഷിപ്പിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയുള്ള കേസാണിതെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ഇരട്ടത്താപ്പും ഇരട്ടനീതിയും വ്യക്തമായിരിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നില്‍ കണ്ടുള്ള ഹീന രാഷ്ട്രീയമാണിത്. ഹമാസിന്റെ തലവന്‍ മലപ്പുറത്തെ റാലിയില്‍ വീഡിയോ കോണ്‍ഫ്രന്‍സില്‍ പറഞ്ഞത് ഹിന്ദുത്വവാദികളെ കുഴിച്ചുമൂടുമെന്നാണ്. എന്നാല്‍ ആ പരിപാടി നടത്തിയവര്‍ക്കെതിരെ കേസെടുക്കാതെ അത് ചൂണ്ടിക്കാണിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കുകയാണ് സര്‍ക്കാര്‍. രാജ്യദ്രോഹികളെ സന്തോഷിപ്പിക്കാനാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്. കേരളത്തില്‍ ക്രമസമാധാനനില പാലിക്കുന്നതിലും ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിലും പരാജയപ്പെട്ട അഴിമതിയില്‍ മൂക്കറ്റംമൂടിയ പിണറായി സര്‍ക്കാര്‍ ഹമാസിനെ പരസ്യമായി പിന്തുണച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. കള്ളക്കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. മുനീര്‍ പറഞ്ഞത് ഹമാസ് ഭീകരര്‍ സ്വാതന്ത്ര്യസമര സേനാനികളാണെന്നാണ്. സ്വരാജ് പറഞ്ഞത് ഹമാസ് മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്നാണ്. രാജ്യാന്തര ഭീകരവാദികളെ വെള്ളപൂശുന്നവര്‍ക്കെതിരെ കേസെടുക്കണം. എംവി ഗോവിന്ദനാണ് കളമശ്ശേരി ബോബ് സ്‌ഫോടനത്തിലെ ഭീകരവാദ ബന്ധം ആദ്യമായി പറഞ്ഞത്. ഗോവിന്ദനെതിരെയാണ് കേസെടുക്കേണ്ടത്. പിണറായി വിജയന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സാമുദായിക ധ്രുവീകരണത്തിന് വേണ്ടി അജണ്ട സെറ്റ് ചെയ്യുകയാണ്. അതിന് പിന്നാലെ ഓടുന്ന വിഡി സതീശനും സുധാകരനുമൊക്കെ നേരം വെളുക്കുക തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.