അതിനെക്കുറിച്ച് ആലോചിക്കുന്നു പോലുമില്ല; ഇന്ത്യന്‍ ക്യാമ്പില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്

1 min read

പെര്‍ത്ത്: ടി 20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാമ്പില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഓപ്പണര്‍ കെ എല്‍ രാഹുലിന് പകരം റിഷഭ് പന്ത് ടീമിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, അതിനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. കെ എല്‍ രാഹുലിനെ ആദ്യ ഇലവനില്‍ നിന്ന് മാറ്റുന്ന കാര്യം ടീം ഇന്ത്യ ആലോചിക്കുന്നില്ലെന്ന് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍ തുറന്ന് പറഞ്ഞു.

രാഹുല്‍ മികച്ച രീതിയില്‍ തന്നെ ബാറ്റ് ചെയ്യുന്നുണ്ടെന്നും പരിശീലന മത്സരങ്ങളില്‍ മികവ് പ്രകടിച്ചിരുന്നുവെന്നുമാണ് വിക്രം റാത്തോറിന്റെ വിശദീകരണം. എന്നാല്‍, ഇന്നത്തെ മത്സരത്തില്‍ രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണായകമാണ്. ആദ്യ രണ്ട് മത്സരത്തിലും മികച്ച ഓപ്പണിംഗ് കൂട്ടുക്കെട്ട് ഉണ്ടാക്കാന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കും കെ എല്‍ രാഹുലിനും സാധിച്ചിട്ടില്ല. മെല്ലെപ്പോക്ക് ആണെന്ന പരാതി രാഹലിനെ കുറിച്ച് ആരാധകര്‍ക്ക് നേരത്തെ തന്നെയുണ്ട്.

ഒപ്പം റണ്‍സ് കണ്ടെത്താന്‍ തന്നെ രാഹുല്‍ വിഷമിക്കുമ്പോള്‍ സഹ ഓപ്പണര്‍ രോഹിത്തിന് അത് സമ്മര്‍ദ്ദം കൂട്ടും. രാഹുലിന് പകരക്കാരനാകാന്‍ ഓപ്പണറായി സ്ഥിരം ബാറ്റ് ചെയ്യാറുള്ള താരങ്ങള്‍ നിലവില്‍ ഇന്ത്യന്‍ ടീമിലില്ല. എന്നാല്‍, വിരാട് കോലിയും റിഷഭ് പന്തും സൂര്യകുമാര്‍ യാദവും ഇന്ത്യക്കായി മുമ്പ് ഓപ്പണിംഗ് സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിട്ടുണ്ട്. വിക്കറ്റ് കീപ്പറായും ഫിനിഷറായും ദിനേശ് കാര്‍ത്തിക്കില്‍ വിശ്വാസം അര്‍പ്പിക്കുന്നതിനാല്‍ റിഷഭ് പന്തിന് മധ്യനിരയില്‍ സ്ഥാനം കണ്ടെത്താനാകില്ല.

വിരാട് കോലിയും സൂര്യയും തങ്ങളുടേതായ സ്ഥാനങ്ങളില്‍ മിന്നുന്ന പ്രകടനം ഇതിനകം പുറത്ത് എടുത്തു കഴിഞ്ഞു. റിഷഭ് പന്തിനെ ഓപ്പണറാക്കി ഒരു പരീക്ഷണമാണ് ഇനി ബാക്കിയുള്ളത്. പവര്‍ പ്ലേയുടെ സാധ്യതകള്‍ മുതലെടുക്കാന്‍ പന്തിന് സാധിക്കുമെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, കെ എല്‍ രാഹുലിനെ രണ്ട് കളിയിലെ മോശം പ്രകടനത്തിന്റെ പേരില്‍ മാറ്റി നിര്‍ത്താന്‍ ആലോചിക്കുന്നില്ലെന്നാണ് വിക്രം റാത്തോറിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. റിഷഭ് പന്തിന് അവസരം കിട്ടുമെന്നും തയാറാക്കി തന്നെ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ പേസ് ആക്രമണത്തെയാണ് പെര്‍ത്തില്‍ ഇന്ത്യക്ക് നേരിടാന്‍ ഉള്ളത്. അതുകൊണ്ട് തന്നെ രാഹുലും ഹിറ്റ്മാനും നല്‍കുന്ന മിന്നുന്ന തുടക്കം മത്സരത്തില്‍ അതിനിര്‍ണായകമാണ്. ആദ്യ രണ്ട് കളിയിലും അര്‍ദ്ധ സെഞ്ചുറി നേടിയ വിരാട് കോലി തന്നെയാണ് പെര്‍ത്തിലും ശ്രദ്ധാകേന്ദ്രം. നെതര്‍ലന്‍ഡ്‌സിനെതിരെ അര്‍ദ്ധ സെഞ്ചുറിയുമായി നായകന്‍ രോഹിത് ശര്‍മയും റണ്‍ വരള്‍ച്ചക്ക് അറുതി വരുത്തിയിട്ടുണ്ട്. സൂര്യ പതിവ് പോലെ കത്തികയറുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.