ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍, വെടിവച്ചുകൊന്നത് അജ്ഞാതര്‍
1 min read
ബ്രസീലിയ : ബ്രസീലിയന്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ നുബിയ ക്രിസ്റ്റീന ബ്രാഗയെ വീടിനുള്ളില്‍ വച്ച് വെടിവച്ച് കൊന്നു. രണ്ട് അക്രമികള്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇവര്‍ കൊലപാതകത്തിന് പിന്നാലെ മോട്ടോര്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. ഏകദേശം 60,000 ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള 23 കാരിയായ നുബിയ ബ്രസീലിലെ സെര്‍ഗിപെ സ്‌റ്റേറ്റിലെ അറക്കാജുവിലെ സാന്താ മരിയയ്ക്ക് സമീപം ആണ് താമസിച്ചിരുന്നത്. ഒക്ടോബര്‍ 14ന് രാത്രി ഇവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് നുബിയ ഹെയര്‍ സലൂണ്‍ സന്ദര്‍ശിച്ചിരുന്നു. സലൂണില്‍ പോയി തിരിച്ച് വന്നയുടനെയാണ് കൊലപാതകം നടന്നത്.
സലൂണില്‍ നിന്ന് നുബിയ എത്തിയതിന് പിന്നാലെ മോട്ടോര്‍ സൈക്കിളില്‍ രണ്ട് പേര്‍ എത്തി. നുബിയയെ കണ്ടതിന് പിന്നാലെ അവര്‍ വെടിയുതിര്‍ത്തു. കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കാന്‍, രക്ഷപ്പെടുന്നതിന് മുമ്പ് ഇവര്‍ തുടരെ തുടരെ നുബിയയെ വെടിവച്ചുവെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് എത്തിയപ്പോള്‍ നുബിയ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു.
മുഖംമൂടി ധരിച്ചാണ് കൊലയാളികള്‍ എത്തിയത്. അജ്ഞാതരായകൊലയാളികളുടെ കൃത്യം ചെയ്യുന്നതിനുള്ള കാരണം ഇതുവരെയും വ്യക്തമല്ല. കൊലപാതകം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ‘എന്തുകൊണ്ടാണ് അവര്‍ നുബിയയോട് ഇത് ചെയ്തതെന്ന് ഞങ്ങള്‍ക്ക് അറിയണം,’ നുബിയയുടെ ബന്ധു ക്ലോഡിയ മെനെസെസ് പറഞ്ഞു. നുബിയയ്ക്ക് എന്തെങ്കിലും ഭീഷണി നിലനിന്നിരുന്നതായി ബന്ധുക്കള്‍ക്ക് അറിവില്ല. ഭീഷണിയെ കുറിച്ചൊന്നും നുബിയ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ക്ലോഡിയ പറഞ്ഞു.