ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ അനുവഭിക്കുന്ന ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വൈദ്യുതി ചാര്‍ജ് വര്‍ദ്ധന ജനങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ കടംവീട്ടാന്‍ സര്‍ക്കാര്‍ പൊതുജനങ്ങളുടെ മേല്‍ കുതിരകയറുകയാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങള്‍ക്കും റെക്കോര്‍ഡ് വിലവര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഉച്ചക്കഞ്ഞിക്ക് പോലും പണം കൊടുക്കാത്ത സര്‍ക്കാര്‍ 5,000 കോടിരൂപയുടെ അധികഭാരമാണ് ഈ ബജറ്റിലൂടെ പൊതുജനങ്ങളുടെ മേല്‍ കെട്ടിവെച്ചത്. ജനങ്ങള്‍ക്ക് ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. അങ്ങനെയൊരു സാഹചര്യത്തില്‍ കോടിക്കണക്കിന് രൂപ പൊടിച്ച് ധൂര്‍ത്ത് നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 10 ശതമാനത്തോളമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രമാണ് ഇവിടെ നടക്കുന്നത്. പിണറായി സര്‍ക്കാരിനെ കൊണ്ട് മലയാളികള്‍ പൊറുതിമുട്ടിയ സാഹചര്യത്തിലാണ് ഇസ്രേയല്‍ ഹമാസ് സംഘര്‍ഷത്തെ ഉപയോഗിച്ച് പ്രധാന വിഷയങ്ങള്‍ മറയ്ക്കാന്‍ സിപിഎം ശ്രമിക്കുന്നത്. അഖിലേന്ത്യാതലത്തില്‍ ഐഎന്‍ഡി മുന്നണിയുടെ ഭാഗമായ സിപിഎമ്മിനെ രക്ഷിക്കാനാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കേരളത്തിലെ ഇടത് ഭരണത്തെ നിലനിര്‍ത്തേണ്ടത് രാഹുല്‍ഗാന്ധിയുടെ കൂടി ബാധ്യതയാണ്. കേരളത്തിലെ മുസ്ലിംങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത പാലസ്തീന്‍ വിഷയം കത്തിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാമെന്നാണ് സിപിഎം കരുതുന്നത്. അതിന് വേണ്ട സഹായമാണ് വിഡി സതീശന്‍ അവര്‍ക്ക് ഒരുക്കികൊടുക്കുന്നത്. മുസ്ലിംലീഗ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിലെത്തുമെന്നുറപ്പാണ്. നാല് വോട്ട് കിട്ടാന്‍ വേണ്ടിയാണ് സിപിഎമ്മും കോണ്‍ഗ്രസും രാജ്യാന്തര ഭീകരവാദികളായ ഹമാസിനെ പിന്തുണയ്ക്കുന്നത്. ഹമാസ് എന്ത് ചെയ്താലും അവരെ പിന്തുണയ്ക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.