ശീതളപാനീയം കുടിച്ചതിന് ശേഷം ശാരീരികാവശത, വിഷാംശം; അശ്വിന്റെയും ഷാരോണിന്റെയും മരണങ്ങളില്‍ സാമ്യങ്ങളേറെ
1 min read
തിരുവനന്തപുരം : പാറശാലയിലെ ഷാരോണിന്റെ മരണത്തിന് സമാനമാണ് തമിഴ്‌നാട്ടിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്റെ മരണവും. ആസിഡിന് സമാനമായ വിഷാംശം ശരീരത്തിനുള്ളില്‍ ചെന്നാണ് പതിനൊന്നുകാരന്‍ ചികിത്സയിലിരിക്കെ ഇരുപത്തിനാലാം ദിവസം മരിച്ചത്. സ്‌കൂളില്‍ വച്ച് കുട്ടിക്ക് ശീതളപാനീയം കുടിച്ചിരുന്നുവെന്നാണ് കുട്ടി നല്‍കിയ മൊഴി. എന്നാല്‍ ആരാണ് ശീതശ പാനീയം നല്‍കിയതെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.
പാറശാലയിലെ ഷാരോണിന്റെ ശരീരത്തില്‍ വിഷാംശമെത്തിയെന്ന് സംശയിക്കുന്ന തമിഴ്‌നാട്ടിലെ രാമവര്‍മന്‍ചിറയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് അശ്വിന്‍ എന്ന പതിനൊന്ന് വയസുകാരന് അജ്ഞാതന്‍ വിഷം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ആതംകോട് മായകൃഷ്ണ സ്വാമി സ്‌കൂള്‍. രണ്ട് മരണത്തിലും സമാനതകളും ഏറെയാണ്. രണ്ടാള്‍ക്കും ശീതളപാനീയം കുടിച്ചതിന് പിന്നാലെയാണ് വിഷബാധയേറ്റത്. പാനീയം കുടിച്ച് ഉടനടിയല്ല മരണം സംഭവിച്ചത്. ശരീരത്തില്‍ കാണപ്പെട്ട രോഗലക്ഷണങ്ങളും ഏതാണ്ട് സമാനമായിരുന്നു.
രണ്ട് കേസിലും ഉത്തരമില്ലാത്ത ദുരൂഹതകള്‍ ഇനിയും ബാക്കിയാണ്. സ്‌കൂളില്‍ വച്ച് യൂണിഫോം അണിഞ്ഞ പൊടീമീശക്കാരന്‍ ചേട്ടനാണ് പാനീയം നല്‍കിയതെന്നാണ് മരണക്കിടക്കയില്‍ നിന്നും അശ്വിന്‍ പറഞ്ഞത്. എന്നാല്‍ സ്‌കൂളില്‍ തിരച്ചില്‍ നടത്തിയതില്‍ അത്തരൊത്തിലൊരാളെ കണ്ടെത്താനായില്ല. സ്‌കൂളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ആ തെളിവും ലഭിച്ചില്ല. 300 ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ കുട്ടികളുടെ ഫോട്ടോകള്‍ പരിശോധിച്ചപ്പോള്‍ അശ്വിന്‍ പറഞ്ഞ ലക്ഷണങ്ങളുള്ളവരില്ലെന്നും പൊലീസിന് തിരിച്ചടിയായി. വിദ്യാര്‍ത്ഥികളെ സംശയിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ബന്ധുക്കള്‍ക്ക് നല്‍കിയ ഉറപ്പില്‍ സിബിസിഐഡിയാണ് കേസ് അന്വേഷിക്കുന്നത്.