യുപിയില്‍ രക്തമൊലിപ്പിച്ച് ആശുപത്രിയില്‍ നിലത്ത് രോഗി, സമീപത്ത് തെരുവ് നായ
1 min read
കുശിനഗര്‍ (ഉത്തര്‍പ്രദേശ്) : രക്തമൊലിപ്പിച്ച് ആശുപത്രിയില്‍ നിലത്ത് കിടക്കുന്ന അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ദൃശ്യമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ രോഗിയുടെ സമീപത്തായി തെരുവ് നായ നടക്കുന്നതായും ദൃശ്യത്തില്‍ കാണിക്കുന്നുണ്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് ഈ ഞെട്ടിക്കുന്ന ദൃശ്യം. ഈ സമയം ആശുപത്രിയില്‍ രോഗിക്ക് സമീപം ഡോക്ടറെ നഴ്‌സോ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ അപകടത്തില്‍പ്പെട്ടയാളാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടര്‍ എസ് കെ വര്‍മ പറഞ്ഞു. ഇയാള്‍ മദ്യപിച്ചിരുന്നതായും ചികിത്സയ്ക്കിടെ പലതവണ കിടക്കയില്‍ നിന്ന് വീണതായുമാണ് ഡോക്ടര്‍ വര്‍മ പറയുന്നത്. വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ഡോക്ടറും ഡ്യൂട്ടിയിലുള്ള വാര്‍ഡ് ബോയിയും മറ്റൊരു വാര്‍ഡില്‍ ഗുരുതരാവസ്ഥയിലെത്തിയ മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നുവെന്നും രോഗിയെ പിന്നീട് ഗോരഖ്പൂരിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായും ഡോക്ടര്‍ വര്‍മ പറഞ്ഞു. അതേസമയം ആശുപത്രിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.